കല്‍പ്പറ്റ : കര്‍ഷക സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് സ്വന്തം മണ്ഡലമായ വയനാട്ടില്‍ ട്രാക്ടര്‍ റാലി നടത്തും. ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയിലാണ് റാലി. മാണ്ടാട് മുതല്‍ മുട്ടില്‍ വരെയുള്ള മൂന്ന് കിലോമീറ്റര്‍ ദേശീയ പാതയിലാണ് ട്രാക്ടറുകള്‍ അണിനിരക്കുക. നാല് ദിവസത്തെ സംസ്ഥാന സന്ദര്‍ശനത്തിന്റെ ഭാഗമായാണ് റാലി. 24ന് തിരികെ ദില്ലിക്ക് മടങ്ങും.
പതിനായിരത്തിലധികമാളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള റാലി ദേശീയ ശ്രദ്ധയിലെത്തിക്കാനാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി തയാറെടുക്കുന്നത്. പൂതാടിയിലെ കുടുംബശ്രീ സംഗമത്തിലും മേപ്പാടി സ്‌കൂള്‍ സംഘടിപ്പിക്കുന്ന ചടങ്ങിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയുടെ സമാപന സമ്മേളനത്തിലും മറ്റ് പൊതുപരിപാടികളിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും.