കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സോളര്‍ ലൈംഗികാരോപണക്കേസില്‍ കുരുക്കാന്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നുവെന്ന വാദം ശക്തമാകുന്നതിനിടെ, ഇതില്‍ മുന്‍ മുഖ്യമന്ത്രി അച്യുതാനന്ദന്റെ പങ്ക് ഓര്‍മപ്പെടുത്തി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക് പോസ്റ്റ്. വ്യക്തിയധിക്ഷേപവും തേജോവധവുമാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോര്‍മുഖത്തെ എക്കാലത്തെയും പ്രധാന ആയുധം. ഈ ശൈലിയുടെ പ്രായോഗിക തലത്തിലെ ഏറ്റവും ക്രൂര ഉദാഹരണമാണ് വിഎസ്. സ്വാര്‍ത്ഥതയും പ്രതികാരവും മാത്രം ഇന്ധനമായി സൂക്ഷിച്ച വിഎസിനു നടക്കാന്‍ കഴിയാത്തതിനാല്‍, ആ ചോരയിലെ മനഃസാക്ഷിയുള്ള ഏതെങ്കിലും മനുഷ്യര്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി മാപ്പ് പറയണമെന്ന് രാഹുല്‍ കുറിപ്പില്‍ പറയുന്നു.
അച്യുതാനന്ദന്റെ ‘ഹൊറിബിള്‍ ടങ്ങിന്റെ’ പ്രയോഗങ്ങളുടെ ദുഷിച്ച കാലം സോളാര്‍ വിവാദകാലമായിരുന്നു. ഇന്ന് സൈബര്‍ വെട്ടുക്കിളികളായ പോരാളിമാരുടെ തലതൊട്ടപ്പനായിരുന്നു അച്യുതാനന്ദന്‍. നിയമസഭയ്ക്കകത്ത് സ്പീകര്‍ക്ക് മൈക്ക് ഓഫ് ചെയ്യണ്ടി വന്ന അച്യുതാനന്ദന്റെ ഉമ്മന്‍ ചാണ്ടി സാറിനെയും കുടുംബത്തെ അധിക്ഷേപിച്ച പ്രസംഗത്തിന്റെയത്ര അറപ്പുളവാക്കുന്ന ഭാഷ സിപിഎം വ്യാജ ഐഡികള്‍ പോലും ഉപയോഗിക്കില്ല. ഒരാളുടെ രക്തം കുടിക്കാന്‍ നീട്ടിയും കുറുക്കിയും പിന്നെ വലിച്ച് നീട്ടിയും വ്യംഗ്യം കലര്‍ന്ന ഭാഷയിലും സംസാരിച്ച് ആഭാസ ചിരിയുടെ അകമ്പടിയില്‍ ആംഗ്യങ്ങള്‍ കാണിച്ചും അച്യുതാനന്ദന്‍ നടത്തിയ പ്രസംഗങ്ങളുടെയത്ര അശ്ലീല പ്രസംഗം കേരള രാഷ്ട്രീയത്തില്‍ മറ്റാരില്‍ നിന്നും ഉണ്ടായിട്ടില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.