തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി സമാഹരിച്ച പണം വിനിയോഗിക്കാത്തത് പഠന ക്യാമ്പിൽ വിമർശിക്കപ്പെട്ടെന്നത് വസ്തുതാവിരുദ്ധമെന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. 30 വീടുകളാണ് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ചത്. മീൻ വിറ്റും പായസം വിറ്റും സമാഹരിച്ച മുഴുവൻ പണവും യൂത്ത് കോൺഗ്രസിൻ്റെ അക്കൗണ്ടിലുണ്ട്. അതിൽ ഒരു രൂപ പോലും യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പിൻവലിച്ചിട്ടില്ല. ഇത് സംബന്ധിച്ച ബാങ്ക് രേഖകൾ പരസ്യപ്പെടുത്തി കൊണ്ടായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശദീകരണം.
വയനാട്ടിൽ വീടുനിർമിക്കാൻ ഭൂമി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് കോൺഗ്രസ് അപേക്ഷ നൽകി. പക്ഷെ സർക്കാർ ഭൂമി നൽകിയില്ല. സ്വന്തമായി ഭൂമി കണ്ടെത്തി കൊടുക്കാമെന്നും അത് ഏറ്റെടുത്ത് നൽകണമെന്ന് അറിയിച്ചിട്ടും ഉണ്ടായില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പിരിഞ്ഞുകിട്ടിയ 750 കോടിക്ക് മേൽ സർക്കാർ നിഷ്ക്രിയമായി ഇരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യൂത്ത് കോൺഗ്രസ് ഭവന പദ്ധതിക്ക് അടുത്തമാസം കല്ലിടുമെന്നും അദ്ദേഹം അറിയിച്ചു.
ദുരിതബാധിതർക്കായി തങ്ങൾ പിരിച്ച പണം വകമാറ്റിയെന്ന് തെളിയിച്ചാൽ താൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെക്കാമെന്നും രാഹുൽ പറഞ്ഞു. തന്നെ സാമ്പത്തിക കുറ്റവാളിയായി ചിത്രീകരിക്കാൻ നിരന്തരം ശ്രമിക്കുകയാണ്. വയനാടുമായി ബന്ധപ്പെട്ട ഫണ്ട് സമാഹരണം തീർത്തുംസുതാര്യമായിരുന്നു. ജനങ്ങൾ അടക്കം എല്ലാവരും സർക്കാരിന് പണം നൽകിയിട്ടും ഒരു വീട് പോലും സംസ്ഥാന സർക്കാർ നിർമ്മിച്ചിട്ടില്ല. ഡിവൈഎഫ്ഐയും വീട് നിർമ്മിച്ച് നൽകിയിട്ടില്ല. അവർ പണം പിരിച്ച് സർക്കാരിന് നൽകുകയായിരുന്നു.