തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡുകളില്‍ മദ്യശാലകള്‍ ആരംഭിക്കുവാനുളള സര്‍ക്കാര്‍ നീക്കത്തെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലാഭകരമാക്കുവാനുള്ള തീരുമാനം സര്‍ക്കാരെടുത്താല്‍ കോളജിലെ ഒഴിഞ്ഞ ക്ലാസ്സ് മുറികളിലും ഔട്ട്‍ലെറ്റ് പ്രതീക്ഷിക്കാം. എല്ലാം സഖാവ് നവകേരളം സൃഷ്ടിക്കുവാന്‍ വേണ്ടിയാണെന്നുള്ളതാണ് ഒരു ആശ്വാസമെന്നും രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കെ.എസ്.ആര്‍.ടി.സിയെ കടത്തില്‍ നിന്നും കരകയറ്റുന്നതിനായി ടിക്കറ്റേതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് പുതിയ വഴികള്‍ തേടുന്നതിനിടെയാണ് സ്റ്റാന്‍ഡുകളില്‍ മദ്യശാലകള്‍ ആരംഭിക്കുവാനുളള നീക്കം. ഇതിനായി ഒഴിഞ്ഞു കിടക്കുന്ന കടമുറികള്‍ ബിവറേജസ് കോര്‍പ്പറേഷന് അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവേയാണ് വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി കെ.എസ്.ആര്‍.ടി.സി നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്ന പുതിയ പദ്ധതിയെ കുറിച്ച് മന്ത്രി വെളിപ്പെടുത്തിയത്.
സാധാരണ രീതിയിലുള്ള ലേല നടപടികളിലൂടെയാവും ബെവ്‌കോയ്ക്ക് മുറികള്‍ അനുവദിച്ച് നല്‍കുക. നിയമപരമായി മദ്യം വില്‍ക്കുന്നതിനെ ആര്‍ക്കും തടയാനാവില്ലെന്നും ടിക്കറ്റ് ഇതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള എല്ലാ വഴികളും സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇത്തരം മദ്യശാലകള്‍ യാത്രക്കാര്‍ക്ക് പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് അസൗകര്യം ഉണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡുകളില്‍ മദ്യശാലയുള്ളതുകൊണ്ട് മാത്രം ജീവനക്കാര്‍ മദ്യപിക്കണമെന്നില്ലെന്നും മന്ത്രി അഭിപ്രായപ്പെടുന്നു.