ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ശിവസേന എംപി സഞ്ജയ് റാവത്തും കൂടിക്കാഴ്ച നടത്തും. ഇരു പാർട്ടികളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനാണ് കൂടിക്കാഴ്ച നടത്തുന്നതെന്നാണ് വിവരം. എന്നാൽ പതിവ് കൂടിക്കാഴ്ച മാത്രമാണെന്ന് ശിവസേന നേതൃത്വം അറിയിച്ചു. മഹാരാഷ്ട്രയിലെ ശിവസേന–എൻസിപി–കോൺഗ്രസ് സഖ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചർച്ച നടത്തുകയെന്നും നേതൃത്വം അറിയിച്ചു.
അടുത്ത വർഷം നടക്കാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ ശിവസേന കോൺഗ്രസിന് പിന്തുണ നൽകും. ആശയപരമായി രണ്ട് പക്ഷത്തുള്ള കോൺഗ്രസും ശിവസേനയും വരും തെരഞ്ഞെടുപ്പുകളിൽ ഒന്നിക്കുന്നതിനുള്ള സാധ്യതകൾ ചർച്ചാവിഷയമാണ്. ശിവസേന യുപിഎയിൽ ചേർന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. തൃണമൂൽ നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി യുപിഎയെ തള്ളിപ്പറഞ്ഞ് മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ ശിവസേന യുപിഎയിൽ ചേരുന്നത് പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങൾക്ക് വഴി തുറക്കും.
മമത ബാനർജി ഉൾപ്പെടെ കോൺഗ്രസിനെ ആക്രമിക്കുമ്പോൾ ശക്തമായ പ്രതിരോധമാണ് ശിവസേന തീർക്കുന്നത്. കോൺഗ്രസിനെ ഒഴിവാക്കി സമാന്തരമായി പ്രതിപക്ഷം തീർക്കാനുള്ള ശ്രമം ബിജെപിയെ ശക്തിപ്പെടുത്താനെ ഉപകരിക്കൂ എന്ന് മമതയെ വിമർശിച്ചുകൊണ്ട് ശിവസേനയുടെ മുഖപത്രമായ സാമ്ന എഴുതി.