ന്യൂഡല്‍ഹി : വൈവാഹിക ബലാത്സംഗത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. നമ്മുടെ രാജ്യത്ത് വേണ്ട രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടാത്ത ഒന്നാണ് വൈവാഹിക ബലാല്‍സംഗം എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്ത്രീ സുരക്ഷക്കായി ഈ വിഷയം സമൂഹത്തിന്റെ മുന്‍പന്തിയില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ‘സമ്മതം എന്നത് നമ്മുടെ സമൂഹത്തിലെ ഏറ്റവും മൂല്യവത്തായ ആശയങ്ങളില്‍ ഒന്നാണ്. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇക്കാര്യങ്ങളില്‍ മുന്‍കൈയെടുക്കേണ്ടതുണ്ട് ‘ മാരിറ്റല്‍ റേപ്പ് എന്ന ഹാഷ്ടാഗോടെ ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ഒരു സ്ത്രീയുടെ സമ്മതം എന്നത് നിസാരമായി കാണാനാകില്ലെന്നും ഗാര്‍ഹിക പീഡനത്തിന്റെ നിര്‍വചനം വിശാലമാക്കണമെന്നും രാഹുലിന്റെ ട്വീറ്റിന് മറുപടിയെന്നോണം കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയി പറഞ്ഞു.
മാരിറ്റല്‍ റേപ്പ് ക്രിമിനല്‍വല്‍ക്കരിക്കണമെന്ന ആവശ്യവുമായി ദല്‍ഹി ഹൈക്കോടതിയില്‍ തുടര്‍ച്ചയായി ഹര്‍ജികള്‍ വരുന്ന പശ്ചാത്തലത്തിലാണ് ഇത് സംബന്ധിച്ച സംവാദങ്ങളും ആരംഭിച്ചത്. വിഷയത്തില്‍ കേന്ദ്രം സംസ്ഥാനങ്ങളോടും ചീഫ് ജസ്റ്റിസുമാരോടും അഭിപ്രായം തേടിയിരുന്നു. അതേസമയം ക്രിമിനല്‍ നിയമത്തിലെ നിര്‍ദിഷ്ട ഭേദഗതികള്‍ സംബന്ധിച്ച് കൂടിയാലോചന നടപടികള്‍ പുരോഗമിക്കുകയാണെന്ന് കാണിച്ച് കേന്ദ്രം വ്യാഴാഴ്ച ഡല്‍ഹി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. കൂടിയാലോചന പൂര്‍ത്തിയാകുന്നതുവരെ വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കാനാകില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചിട്ടുണ്ട്.
എന്നാല്‍ ഇത് കേസില്‍ കാലതാമസം വരുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ തന്ത്രമാണെന്ന് വനിതാ ആക്ടിവിസ്റ്റുകള്‍ പറയുന്നു. നേരത്തെ വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കാന്‍ കഴിയില്ലെന്നും അത് വിവാഹം എന്നതിനെ അസ്ഥിരപ്പെടുത്തുകയും ഭര്‍ത്താക്കന്മാരെ ‘പീഡിപ്പിക്കാനുള്ള’ എളുപ്പ ഉപകരണമായി മാറുമെന്നും കേസില്‍ നേരത്തെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രം പറഞ്ഞിരുന്നു. ഭാര്യക്ക് 15 വയസ്സിന് മുകളില്‍ പ്രായമുണ്ടെങ്കില്‍, ഭാര്യയുമായി നിര്‍ബന്ധിത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗ കുറ്റത്തില്‍ നിന്ന് ഒഴിവാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 375-ാം വകുപ്പിനെ ചോദ്യം ചെയ്ത് ഡല്‍ഹി ഹൈക്കോടതിയില്‍ നിരവധി ഹരജികള്‍ വന്നിട്ടുണ്ട്. ആര്‍ ഐ ടി ഫൗണ്ടേഷന്‍, ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് വിമന്‍സ് അസോസിയേഷന്‍ (എ ഐ ഡബ്ല്യു എ), വൈവാഹിക ബലാത്സംഗത്തെ അതിജീവിച്ചവര്‍ എന്നിവരും ഹര്‍ജിക്കാരില്‍ ഉള്‍പ്പെടുന്നു. അതേസമയം വാദത്തെ എതിര്‍ക്കുന്ന ചില പുരുഷാവകാശ സംഘടനകളും കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. മാരിറ്റല്‍ റേപ്പ് ക്രിമിനല്‍ കുറ്റമാക്കുന്നത് കുടുംബ ബന്ധങ്ങളുടെ ശിഥിലീകരണത്തിലേക്ക് നയിക്കുമെന്നാണ് ഇവരുടെ വാദം.