ന്യൂഡല്‍ഹി : നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇ ഡി ഓഫീസിലെത്തി. 20ഓളം പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെ പ്രത്യേകം തയ്യാറാക്കിയ വാഹനത്തിലാണ് രാഹുലിനെ എ ഐ സി സി ആസ്ഥാനത്ത് നിന്നും ഇഡി ഓഫീസിലേക്ക് കൊണ്ടുപോയത്. 200 ഓളം പ്രവര്‍ത്തകര്‍ക്കുമൊപ്പമാണ് രാഹുല്‍ ഗാന്ധി രാഹുല്‍ പുറപ്പെടാനിരുന്നത്. പ്രിയങ്ക ഗാന്ധിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെല്ലാം രാഹുലിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ എ ഐ സി സി ആസ്ഥാനത്ത് പുറത്ത് പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. രാഹുല്‍ ഗാന്ധിയെ മാത്രമേ കടത്തിവിടൂവെവെന്ന് പോലീസ് പറഞ്ഞു.
ഇതിനെ തുടര്‍ന്ന് പി ചിദംബരം, കെ സി വേണുഗോപല്‍ അടക്കമുള്ള നേതാക്കളെ പോലീസ് രാഹുലിനൊപ്പം പോകാന്‍ അനുവദിച്ചില്ല. പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കുന്ന നടപടി തുടങ്ങിക്കഴിഞ്ഞു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. എ ഐ സി സി ഓഫീസിന് സമീപത്തെ എല്ലാ റോഡുകളും പോലീസ് അടച്ചു. കേന്ദ്രസേന എല്ലായിടത്തും നിലയുറപ്പിച്ചിരിക്കുകയാണ്. എ ഐ സി സി ഓഫീസിനും ഇ ഡി ഓഫീസിനും ഇടയിലെ ഒന്നര കിലോമീറ്റര്‍ പൂര്‍ണമായും പോലീസ് വലയത്തിലാണ്. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാല്‍ മൂന്നാളില്‍ കൂടുതല്‍ പേരെ കൂടിനില്‍ക്കാന്‍ അനുവദിക്കില്ലെന്നാണ് പോലീസ് പറയുന്നത്.
എന്നാല്‍ രാഹുല്‍ ഗാന്ധിക്കൊപ്പം 200 നേതാക്കള്‍ക്ക് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ നേരത്തെ അനുമതി നല്‍കിയിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. പ്രതിഷേധ മാര്‍ച്ചില്‍ നിന്ന് പിന്തിരിയില്ലെന്നും കോണ്‍ഗ്രസ് പറയുന്നത്. എ ഐ സി സി ആസ്ഥാനത്തിനും ഇ ഡി ഓഫീസിനും ഇടയിലുള്ള പലയിടത്തും റോഡിന് സമീപം കുത്തിയിരുന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയാണ്. രാജ്യത്തെ 25 ഇ ഡി ഓഫീസുകള്‍ക്ക് മുന്നിലും പ്രതിഷേധം നടത്തുമെന്നാണ് കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്. രാഹുല്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി പുറത്തുവരുന്നതുവരെ ഇ ഡി ഓഫീസുകള്‍ക്ക് മുമ്ബില്‍ പ്രതിഷേധിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.