ആലുവ : റെയില്‍വേ സ്റ്റേഷന് മുന്നില്‍ തര്‍ക്കത്തില്‍ കിടന്ന സ്ഥലത്ത് കോടതിവിധിയുടെ അടിസ്ഥാനത്തില്‍ റെയില്‍വേ മതില്‍കെട്ടി. കച്ചവടക്കാരും റെയില്‍വേയും തമ്മില്‍ രണ്ട് പതിറ്റാണ്ട് നീണ്ട കേസില്‍ റെയില്‍വേക്ക് അനുകൂലമായി കോടതിവിധി വന്നിരുന്നു. വിധി വന്ന് മാസങ്ങള്‍ക്ക് ശേഷമാണ് സമീപത്തെ കച്ചവടക്കാര്‍ക്ക് താല്‍ക്കാലികമായി വിട്ടുനല്‍കിയ സ്ഥലം റെയില്‍വേ തിരിച്ചുപിടിച്ച് മതില്‍കെട്ടിയത്. 2003 ല്‍ റെയില്‍വേ പാര്‍ക്കിങ് ഏരിയ മതില്‍കെട്ടി തിരിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനുള്ള നടപടികള്‍ തുടങ്ങിയതോടെയാണ് കേസുകള്‍ തുടങ്ങിയത്.
റെയില്‍വേ നിര്‍മിച്ച മതില് വ്യാപാരികള്‍ പൊളിച്ചുകളയുകയായിരുന്നു. ഇതിനെതിരായ കേസില്‍ 2020 നവംബറിലാണ് റെയില്‍വേക്ക് അനുകൂലമായ വിധിയുണ്ടായത്. സര്‍വേ നടപടികള്‍ പൂര്‍ത്തിയായെങ്കിലും കോവിഡ് പ്രോട്ടോകോള്‍ കാരണം ചുറ്റുമതില്‍ നിര്‍മാണം വൈകുകയായിരുന്നു. എതിര്‍വശത്തെ കെട്ടിടത്തിന് റെയില്‍വേ പാര്‍ക്കിങ് ഗ്രൗണ്ടിലൂടെ അല്ലാതെ പ്രവേശന കവാടം ഉണ്ടായിരുന്നെന്നും അതുമറച്ച് പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ചതാണ് പ്രശ്നമായതെന്നുമാണ് റെയില്‍വേ കോടതിയില്‍ വാദിച്ചത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
നേരത്തേ, കോടതിയുടെ ഇടക്കാല വിധിയില്‍ കച്ചവട സ്ഥാപനങ്ങളിലേക്ക് വാഹനം കടന്നുവരുന്നതിന് സൗകര്യം വേണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതേതുടര്‍ന്ന് 12 അടി വീതിയില്‍ വഴി അനുവദിച്ച് രണ്ടരയടി ഉയരത്തില്‍ മതിലും നിര്‍മിച്ചിരുന്നു. ഇതെല്ലാം പൂര്‍ണമായി പൊളിച്ചുനീക്കിയാണ് സ്വകാര്യ സ്ഥാപനങ്ങളുടെ തൊട്ടുമുന്നിലായി ഇപ്പോള്‍ മതില്‍കെട്ടുന്നത്. സ്വകാര്യകെട്ടിടങ്ങളും റെയില്‍വേ കെട്ടുന്ന മതിലുമായി രണ്ടടി മാത്രമാണ് അകലം. റെയില്‍വേ ഏറ്റെടുത്ത സ്ഥലം 10 സെന്റോളം വരും.
ഇത് റെയില്‍വേയുടെ പ്രീമിയം പാര്‍ക്കിങ് ഏരിയയിലേക്ക് കൂട്ടിച്ചേര്‍ത്തു. ഇതോടെ ടൂറിസ്റ്റ് ഹോം അടക്കമുള്ള അരഡസനോളം കച്ചവട സ്ഥാപനങ്ങളിലേക്ക് വഴിയില്ലാതായി. ടൂറിസ്റ്റ് ഹോമിന് മുന്നില്‍ മാത്രം താല്‍ക്കാലിക സൗകര്യമെന്ന നിലയില്‍ മതില്കെട്ടാതെ ഇരുമ്പുകുറ്റികള്‍ മാത്രം സ്ഥാപിച്ചിരിക്കുകയാണ്.