തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേ സ്റ്റേഷനുകളിലെ പോലിസ് സംവിധാനത്തിന്റെ ചുമതല ഐ.ജിമാര്‍ക്ക് നല്‍കി. ഉത്തരമേഖലയുടെ ചുമതല വഹിക്കുക ഐജി ഇ ജെ ജയരാജനും ദക്ഷിണമേഖലയുടെ ചുമതല വഹിക്കുക ഐജി ജി ലക്ഷ്മണയുമായിരിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ധാരാളം പേര്‍ ട്രെയിന്‍ മാര്‍ഗ്ഗം കേരളത്തിലേയ്ക്ക് വരുന്ന സാഹചര്യത്തിലാണ് തീരുമാനം. ക്രമസമാധാന വിഭാഗം എഡിജിപി ഷെയ്ക്ക് ദര്‍വേഷ് സാഹിബിനാണ് മേല്‍നോട്ടച്ചുമതല. ഓരോ റെയില്‍വേ സ്റ്റേഷന്റെയും ചുമതല എഎസ്പിമാര്‍ക്കോ ഡിവൈഎസ്പിമാര്‍ക്കോ നല്‍കിയിട്ടുണ്ട്.
പ്രധാന ട്രെയിനുകള്‍ വരുന്ന സമയത്ത് അതത് ജില്ലാ പോലീസ് മേധാവിമാര്‍ റെയില്‍വേ സ്റ്റേഷനുകള്‍ സന്ദര്‍ശിക്കും. റെയില്‍വേ സ്റ്റേഷനുകളുടെ പരിധിയിലുളള ലോക്കല്‍ പോലീസ് സ്റ്റേഷനുകളും റെയില്‍വേ പോലീസ് സ്റ്റേഷനുകളും ഈ സംവിധാനത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കും.