കൊല്ലം: കല്ലുംതാഴം റെയിൽവേ മേൽപ്പാലത്തിന്‍റെ രൂപരേഖയ്ക്ക് (ജനറൽ അറേഞ്ച്മെൻറ് ഡ്രോയിങ്-ജിഎഡി) റെയിൽവേ അംഗീകാരം ലഭിച്ചതായി എം നൗഷാദ് എംഎൽഎ അറിയിച്ചു. നിർവ്വഹണ ഏജൻസിയായ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്പ്മെൻറ് കോർപ്പറേഷൻ 2019 ൽ സമർപ്പിച്ച രൂപരേഖയ്ക്കാണ് ഭേദഗതികളോടെ റെയിൽവേ ഇപ്പോൾ അംഗീകാരം നല്‍കിയത്. മൂന്നാമത്തെയും നാലാമത്തെയും റെയിൽപ്പാതകളുടെ നിർമ്മാണത്തിന്റെ സാധ്യതകൾകൂടി പരിഗണിച്ചുള്ളതാണ് പുതിയ രൂപരേഖയെന്നും നൗഷാദ് പ്രസ്താവനയിൽ പറഞ്ഞു.
കല്ലുംതാഴത്ത് കുറ്റിച്ചിറ റോഡിലെ 77 ആം നമ്പർ റെയിൽവേ ലെവെൽ ക്രോസിൽ മേൽപ്പാലം നിർമ്മിക്കുന്നതിന് 2017 ലെ ബജറ്റിലാണ് സംസ്ഥാന സർക്കാർ തന്‍റെ അഭ്യർത്ഥനപ്രകാരം തുകവകയിരുത്തിയത്. 2017 ജൂലൈയിൽ പദ്ധതിക്ക് ഭരണാനുമതി നൽകുകയും പൊതുമേഖലാ സ്ഥാപനമായ ആർബിഡിസികെയെ നിർവ്വഹണ ഏജൻസിയായി നിശ്ചയിയ്ക്കുകയും ചെയ്തു. 2019 മാർച്ചിൽ കിഫ്ബിയിൽ നിന്ന് 30.93 കോടി രൂപ അനുവദിച്ചു.
സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെയുള്ള മേൽപ്പാലനിർമ്മാണപദ്ധതിയുടെ ആകെ ചെലവാണ് ഇത്. സംസ്ഥാന സർക്കാർ ഉചിതമാർഗ്ഗത്തിൽ അഭ്യർത്ഥിച്ചതിനെതുടർന്ന് 2017 – 2018 ലാണ് ഒരു ലക്ഷത്തിന് മേൽ ഗതാഗതവ്യാപ്തമുള്ള (ട്രെയിൻ-വെഹിക്കിൾ വോളിയം യൂണിറ്റ്-ടി.വി.യു) കല്ലുംതാഴം ലെവെൽക്രോസ്സ് റെയിൽവേ വർക്ക് പ്രോഗ്രാമിൽ (പിങ്ക് ബുക്ക്) ഉൾപ്പെടുത്തിയത്. 2019 ഒക്ടോബർ 30ന് സർക്കാർ ഉത്തരവുപ്രകാരം സ്ഥലമേറ്റെടുക്കൽ നടപടികൾക്ക് ഭരണാനുമതി നൽകിയിട്ടുണ്ട്.
മേൽപ്പാലം ആരംഭിക്കുന്നത് ബൈപ്പാസിൽ നിന്നാണ്. അതിനാൽ പദ്ധതിയുടെ രൂപരേഖയ്ക്ക് നാഷണൽ ഹൈവേ അതോറിറ്റിയുടെ അംഗീകാരംകൂടി വേണം. അതിനായി ആർബിഡിസികെ നാഷണൽ ഹൈവേ അതോറിറ്റിയെ സമീപിച്ചിട്ടുണ്ട്. എൻഎച്ച്എഐയിൽ നിന്നുള്ള അംഗീകാരം കൂടി ലഭിയ്ക്കുന്ന മുറയ്ക്ക് സ്ഥലമേറ്റെടുക്കൽ നടപടികൾ ആരംഭിക്കും. 2016 നിയമസഭാ തെരെഞ്ഞെടുപ്പ് വേളയിൽ എൽഡിഎഫ് മുന്നോട്ടുവച്ച പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇരവിപുരം മണ്ഡലത്തിന്‍റെ ചിരകാലാഭിലാഷമായ ഇരവിപുരം, മയ്യനാട്, കല്ലുംതാഴം, കൂട്ടിക്കട, കോളേജ് ജംഗ്‌ഷൻ, പോളയത്തോട് റെയിൽവേ മേൽപ്പാലങ്ങളുടെ നിർമ്മാണം.
37.14 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഇരവിപുരം റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണ്. 25.94 കോടിരൂപ ചെലവിൽ നിർമ്മിക്കുന്ന മയ്യനാട് റെയിൽവേ മേൽപ്പാലത്തിനുള്ള സ്ഥലമേറ്റെടുക്കൽ ഈ മാസം പൂർത്തിയാകും. 68 ഭൂവുടമകളിൽനിന്നായി ഒരേക്കർ 23 സെൻറ്റാണ് ഏറ്റെടുക്കുന്നത്. സ്ഥലമേറ്റെടുക്കൽ പൂർത്തിയായ സാഹചര്യത്തിൽ നിർവ്വഹണ ഏജൻസിയായ ആർബിഡിസികെ ഉടൻ ടെൻഡർ നടപടികളിലേക്ക് കടക്കും.
ലെവൽ ക്രോസ്സ് രഹിത സംസ്ഥാനമെന്ന അഭിമാനപദ്ധതി യാഥാർത്ഥ്യമാക്കുന്നതിന്റെ ഭാഗമായാണ് മണ്ഡലത്തിൽ ആറ് മേൽപ്പാലങ്ങളുടെ നിർമ്മാണത്തിന് എൽഡിഎഫ് സർക്കാർ കിഫ്ബിയിൽ നിന്നും ഫണ്ട് അനുവദിച്ചിട്ടുള്ളത്. കൂട്ടിക്കട (52.24 കോടി), എസ്എൻ കോളേജ് ജംഗ്‌ഷൻ (44.66 കോടി), പോളയത്തോട് (31.93 കോടി) എന്നിങ്ങനെയാണ് മണ്ഡലത്തിലെ മറ്റ് മേൽപ്പാലനിർമ്മാണത്തിന് കിഫ്ബിയിൽനിന്നും ഫണ്ട് അനുവദിച്ചിട്ടുള്ളതെന്നും നൗഷാദ് അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.