ഡൽഹി: പാസഞ്ചര്‍ ട്രെയിനുകളുടെ നിരക്ക് 200 ശതമാനം കൂട്ടി റെയില്‍വേയുടെ പകല്‍ക്കൊള്ള. കോവിഡ് കാലത്ത് പാസഞ്ചര്‍ ട്രെയിനുകളെ എക്സ്പ്രസ് വിഭാഗത്തിലേക്ക് മാറ്റിയാണ് ടിക്കറ്റ് നിരക്ക് വർധിപ്പിച്ചത്. കോവിഡിന് ശേഷം നിരക്കുവര്‍ധന പിന്‍വലിക്കുമെന്ന റെയില്‍വേയുടെ വാഗ്ദാനം ഇതുവരെ നടപ്പായിട്ടില്ല. നേരത്തെ പാസഞ്ചര്‍ ട്രെയിനുകളിലെ കുറഞ്ഞ ടിക്കറ്റ് നിരക്ക് പത്ത് രൂപയായിരുന്നു. എന്നാൽ പാസഞ്ചര്‍ ട്രെയിനുകളെ എക്സ്പ്രസ് എന്ന് പുനര്‍നാമകരണം ചെയ്ത് റെയിൽവേ, ടിക്കറ്റ് നിരക്കും കൂട്ടി. മിനിമം ചാര്‍ജ് പത്തില്‍ നിന്ന് നേരെ മുപ്പത് രൂപയിലേക്ക് കൂട്ടി. ടിക്കറ്റ് നിരക്ക് വർധന 200 ശതമാനം. ഹ്രസ്വദൂര യാത്രകള്‍ക്ക് ബസ് ടിക്കറ്റിനേക്കാള്‍ നിരക്ക് നല്‍കേണ്ട സ്ഥിതിയിലാണ് ഇപ്പോൾ യാത്രക്കാർ.
റിപാസഞ്ചര്‍ ട്രെയിനുകളായിരുന്ന തിരുവനന്തപുരം-കോട്ടയം പാസഞ്ചര്‍, ഗുരുവായൂര്‍ എറണാകുളം പാസഞ്ചര്‍, ഷൊര്‍ണൂര്‍-കണ്ണൂര്‍ മെമു, കോയമ്പത്തൂര്‍-മംഗലൂരു ഫാസ്റ്റ് പാസഞ്ചര്‍, പാലക്കാട്-നിലമ്പൂര്‍ പാസഞ്ചര്‍ തുടങ്ങി നിരവധി ട്രെയിനുകൾ ഇപ്പോൾ ഓടുന്നത് എക്സ്പ്രസ്സ് ട്രെയിനുകളായാണ്. കോവിഡ് കാലത്തെ വരുമാനക്കുറവ് കാണിച്ചാണ് പാസഞ്ചര്‍ ട്രെയിന്‍ എക്സ്പ്രസ് ആക്കിമാറ്റി ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടാന്‍ റെയില്‍വേ കാരണമായി പറഞ്ഞിത്. കോവിഡ് പ്രതിസന്ധി മാറി രണ്ട് വര്‍ഷമാകുമ്പോഴും ഈ പിടിച്ചുപറി നിര്‍ത്താന്‍ റെയില്‍വേ തയ്യാറായിട്ടില്ല. ദുരിതമനുഭവിക്കുന്നത് തുച്ഛവരുമാനക്കാരായ ആയിരക്കണക്കിന് സ്ഥിരം യാത്രക്കാരും.