തിരുവനന്തപുരം : രോഗികളുടെയും മരണത്തിന്റെയും എണ്ണം കുറവായതിനാല്‍ ഇനി നിയന്ത്രണങ്ങളില്‍ ഇഷ്ടം പോലെ ഇളവാകാം എന്നു തീരുമാനിക്കുകയാണെങ്കില്‍ എല്ലാം താറുമാറാകും. കാരണം ഇതുവരെ കോവിഡിനെ നേരിട്ടതുപോലെയല്ല ഇനിയുള്ള യുദ്ധം. കേരളത്തിലേക്കു മണ്‍സൂണ്‍ എത്തുമ്പോള്‍ ഒപ്പം പലതരം പനികളും കൂട്ടിനുണ്ടാകും. ഇതിനിടയില്‍ കൊറോണ വൈറസ് അതിന്റെ തീവ്രത പുറത്തെടുക്കും.
ഉയര്‍ന്ന അന്തരീക്ഷ ഊഷ്മാവില്‍ കൊറോണ വൈറസിന് അത്രത്തോളം വീര്യം കാട്ടാനാകില്ലെന്നാണ് പഠന റിപ്പോര്‍ട്ട്. കേരളത്തിലെത്തിയ കൊറോണയ്ക്കു ഭീകരത പുറത്തെടുക്കാന്‍ കഴിയാതിരുന്നതിന് വേനല്‍ക്കാലത്തെ കൊടുംചൂടും കാരണമായിരിക്കാം. എന്നാല്‍ മഴയെത്തുമ്പോള്‍ താപനില കുറയുന്നതോടെ കൊറോണ വൈറസ് ശക്തിയാര്‍ജ്ജിക്കാനും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കാനും ഇടയുണ്ട്.
ജൂലൈയില്‍ മൂര്‍ധന്യത്തിലെത്തി സെപ്റ്റംബറോടെ അവസാനിക്കുന്നതാണു കേരളത്തിലെ പകര്‍ച്ചവ്യാധിക്കാലമെന്ന് കോലഞ്ചേരി എംഒഎസ്സി മെഡിക്കല്‍ കോളജില്‍ നടത്തിയ 10 വര്‍ഷത്തെ പഠനം വ്യക്തമാക്കുന്നു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ട്രോപ്പിക്കല്‍ ഡോക്ടര്‍ എന്ന രാജ്യാന്തര ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.