കോന്നി: ഇന്ന് പെയ്ത മഴയുടെ അളവ് അറിയണോ? കോന്നിയിലേക്ക് വന്നാല്‍ മതി. കോന്നി ഫോറസ്റ്റ് ഇന്‍സ്പെക്ഷന്‍ ബംഗ്‌ളാവിന്റെ മുറ്റത്ത് സ്ഥാപിച്ചിരിക്കുന്ന മഴമാപിനിയിലാണ് കോന്നിയില്‍ പെയ്ത മഴയുടെ അളവ് കൃത്യമായി അറിയുവാന്‍ സാധിക്കുന്നത്. ബ്രിട്ടീഷ് ഭരണ കാലത്ത് സ്ഥാപിക്കപെട്ട കോന്നി ഫോറസ്റ്റ് ഐ ബി യിലെ മഴ മാപിനിക്ക് അരനൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ഐ ബി യുടെ മുറ്റത്ത് പ്രത്യേകം നിര്‍മിച്ചിരിക്കുന്ന തറയില്‍ ആണ് മഴമാപിനി ഉള്ളത്. ഇത് കൃത്യമായി അളക്കുന്നതിനായി വനം വകുപ്പ് ജീവനക്കാരനെയും നിയോഗിച്ചിട്ടുണ്ട്. രാവിലെ എട്ടരക്കും ഒന്‍പതരയ്ക്കും ഇടയില്‍ ശേഖരിക്കുന്ന കോന്നിയിലെ മഴയുടെ അളവ് തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ അറിയിക്കും. ഈ തരത്തിലാണ് കോന്നിയില്‍ എത്ര മഴ ലഭിച്ചു എന്ന് കൃത്യമായി പുറംലോകമറിയുന്നത്.
ഒരു നിശ്ചിത വായ്വട്ടമുള്ള ചോര്‍പ്പും അതിനടിയില്‍ സ്ഥാപിച്ചിരിക്കുന്ന കുഴല്‍ പാത്രവുമാണ് മഴമാപിനിയുടെ പ്രധാന ഭാഗങ്ങള്‍. കുഴല്‍ പാത്രത്തിന്റെ ഒരു വശത്ത് താഴെ നിന്നും മുകളിലേക്കുള്ള ഉയരം മില്ലി മീറ്ററില്‍ രേഖപ്പെടുത്തിയിരിക്കും. മഴമാപിനിയുടെ ചോര്‍പ്പിന്റെ പത്തിലൊന്ന് വായ്വട്ടമായിരിക്കും കുഴല്‍ പാത്രത്തിന്റെ വ്യാസം. ചെറിയ മഴ പോലും അളക്കുന്നതിനായാണ് ഈ ഘടനയില്‍ ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ചോര്‍പ്പിന്റെയും കുഴലിന്റെയും വ്യാസ വത്യാസം മൂലം ചോര്‍പ്പില്‍ വീഴുന്ന ഒരു മില്ലീ മീറ്റര്‍ മഴവെള്ളം കുഴല്‍ പാത്രത്തില്‍ വീഴുമ്പോള്‍ അതിന്റെ ഉയരം പത്ത് സെന്റീ മീറ്റര്‍ ആയി വര്‍ധിക്കുന്നു. മഴ അളക്കുന്നതില്‍ ഉള്ള പിഴവ് കുറക്കുവാന്‍ ആണ് ഈ രീതി ഉപയോഗിക്കുന്നത്. കൂടുതല്‍ മഴ പെയ്താല്‍ ഇത് അളക്കുവാന്‍ മഴ മാപിനിയില്‍ പുറം കുഴല്‍ സംവിധാനവും ഉണ്ട്. കൂടുതല്‍ മഴ പെയ്താല്‍ കുഴലിലെ വെള്ളം മുകളറ്റത്തെ ദ്വാരം വഴി പുറത്തെ കുഴലില്‍ ശേഖരിക്കപെടുന്നു. ഇങ്ങനെ ശേഖരിക്കുന്ന വെള്ളം മഴക്ക് ശേഷം ചെറിയ കുഴലുകള്‍ വഴി അളന്ന് തിട്ടപെടുത്തുകയാണ് ചെയ്യുന്നത്. മരത്തിന്റെ ഇലകളില്‍ നിന്നുള്ള വെള്ളം മഴ മാപിനിയില്‍ വീഴാതെ ഇരിക്കാന്‍ ബന്ധപെട്ടവര്‍ പ്രത്യേകം ശ്രദ്ധിക്കാറുമുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിക്കപെട്ട ഈ മഴമാപിനി എന്നും കോന്നിക്കാരുടെ സ്വകാര്യ അഹങ്കാരമാണ്.