തിരുവനന്തപുരം; സംസ്ഥാനത്ത് അടുത്ത നാലു ദിവസം വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യത. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ കണ്ണൂര്‍, കാസര്‍കോട് ഒഴികെ എല്ലാ ജില്ലകളിലും നേരിയ തോതില്‍ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മാര്‍ച്ച് 15 മുതല്‍ 17 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും മഴ ലഭിക്കും.
അതേസമയം സംസ്ഥാനത്ത് ഇന്നലെ വിവിധ ജില്ലകളില്‍ വേനല്‍ മഴ പെയ്തിരുന്നു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലും മഴ പെയ്തു. എന്നാല്‍ കൊച്ചിയില്‍ മഴ പെയ്തത് ജനങ്ങളെ ആശങ്കയിലാക്കിയിരുന്നു. ബ്രഹ്മപുരം തീപിടിത്തത്തിന് ശേഷമുള്ള ആദ്യ മഴ ആയതിനാലാണ് ആശങ്ക. കൊച്ചിയില്‍ പാലാരിവട്ടം, കളമശ്ശേരി, കാക്കനാട് തുടങ്ങിയ സ്ഥലങ്ങളിലാണ് മഴ പെയ്തത്. എന്നാല്‍ കൊച്ചിയില്‍ പെയ്തത് അമ്ലമഴയെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. ആദ്യം പെയ്ത മഴത്തുള്ളികളിലാണ് സള്‍ഫ്യൂരിക് ആസിഡിന്റെ നേരിയ സാന്നിധ്യമുണ്ടായിരുന്നത്. അമ്ല മഴയ്ക്ക് സാധ്യതയുണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് മുന്നറിയിപ്പ് നല്‍കിയിരുന്നു.