തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പുകൾ നിലനിൽക്കെ സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. 8 ജില്ലകളിൽ റെഡ് അലേർട്ടും 6 ജില്ലകളിൽ ഓറഞ്ച് അലേർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, കാസർകോഡ്, തൃശൂർ, ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ പത്തനംതിട്ട ജില്ലകളിലാണ് റെഡ് അലേർട്ട്. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ എല്ലാ ജില്ലകളിലും നിലവിൽ യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളതീരത്ത് നാളെ കടലാക്രമണത്തിനുള്ള സാധ്യതാ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ചില പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ കാപ്പിൽ മുതൽ പൊഴിയൂർ വരെയും കൊല്ലം ജില്ലയിൽ ആലപ്പാട് മുതൽ ഇടവ വരെയും ആലപ്പുഴ ജില്ലയിൽ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെയും എറണാകുളം ജില്ലയിൽ മുനമ്പം മുതൽ മറുവക്കാട് വരെയും തൃശൂർ ജില്ലയിൽ ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെയും നാളെ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആരോക്യപുരം വരെയുള്ള തീരങ്ങളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിൽ കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെയും കോഴിക്കോട് ജില്ലയിൽ ചോമ്പാല മുതൽ രാമനാട്ടുകര വരെയും കാസർകോട് ജില്ലയിൽ കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും കണ്ണൂർ ജില്ലയിൽ വളപട്ടണം മുതൽ ന്യൂമാഹി വരെയുമാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ മൺസൂൺ എത്തിയതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചതിന് പിന്നാലെ കേരളത്തിൽ കാലവർഷം ശക്തമാവുകയാണ്. എട്ടു ദിവസം നേരത്തെയാണ് കേരളത്തിൽ കാലവർഷം എത്തിയത്. 16 വർഷത്തിന് ശേഷമാണ് കേരളത്തിൽ മൺസൂൺ നേരത്തെ എത്തുന്നത്.