തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം തുടങ്ങുന്നു. വ്യാഴാഴ്ച മുതല്‍ തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം പെയ്തു തുടങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇക്കുറി ശരാശരിയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ച തെക്കുപടിഞ്ഞാറന്‍ കാറ്റിന്റെ ശക്തി കൂടിയിരുന്നു. ഇതേ തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ പെയ്യുമെന്നായിരുന്നു നേരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. എന്നാല്‍ കാറ്റിന്റെ ശക്തി കുറഞ്ഞതോടെ കാലവര്‍ഷം വൈകുമെന്ന് അധികൃതര്‍ അറിയിച്ചു.
വരും ദിവസങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്. അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. കേരള തീരത്തും ലക്ഷദ്വീപ് ഭാഗത്തും ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.