കണ്ണൂര്‍ : സ്വാതന്ത്ര്യസമര സേനാനിയും കമ്മ്യൂണിസ്റ്റ് സഹയാത്രികനുമായ ധര്‍മ്മടം മേലൂര്‍ പുറത്തലത്ത് തറവാട്ടില്‍ (ജഡ്ജി ബംഗ്ലാവ്) സി രൈരുനായര്‍ (98) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് കോഓപ്പറേറ്റീവ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. വെള്ളിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു അന്ത്യം.
പിണറായിയിലെ ഇടത്തരം കര്‍ഷക കുടുംബത്തില്‍ ജനിച്ച രൈരു നായര്‍ വിദ്യാര്‍ഥിയായിരിക്കെ സ്വാതന്ത്ര്യസമരത്തില്‍ ആകൃഷ്ടനായി. പതിനാറാം വയസില്‍ ഗാന്ധിജിയെ കാണാന്‍ വാര്‍ധയിലെത്തി. ഒരു വര്‍ഷം അവിടെ താമസിച്ചു. നെഹ്‌റു, സുഭാഷ് ചന്ദ്രബോസ് ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളുമായി ബന്ധപ്പെട്ടത് വാര്‍ധ ജീവിതകാലത്താണ്. ത്രിപുര കോണ്‍ഗ്രസ് സമ്മേളനത്തില്‍ വളണ്ടിയറായിരുന്നു. 1939ല്‍ നാട്ടിലേക്ക് മടങ്ങിയെത്തി.
കോഴിക്കോട് താലൂക്ക് റേഷനിങ്ങ് ഓഫീസില്‍ എന്‍ക്വയറി ഓഫീസറായും നല്ലളം പിസിസി സൊസൈറ്റി സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 1955 മുതല്‍ അഞ്ച് വര്‍ഷം മലേഷ്യയില്‍ എല്‍ഐസി ഏജന്റായിരുന്നു. 1961ല്‍ നാട്ടിലെത്തി കോഴിക്കോട് കാലിക്കറ്റ് മെഡിക്കല്‍ ഹാള്‍ എന്ന സ്ഥാപനം തുടങ്ങി.
പി കൃഷ്ണപിള്ള മുതല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വരെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളുമായി അടുത്ത ബന്ധമായിരുന്നു. പിണറായിയില്‍ തേര്‍ളയില്‍ രൈരു നായരുടെയും ചാത്തോത്ത് മാധവി അമ്മയുടെയും മകനായി 1922 ഫെബ്രുവരി 10നാണ് ജനനം. തലശേരി സെന്റ് ജോസഫ്‌സ് സ്‌കൂളിലും മലബാര്‍ കൃസ്ത്യന്‍ കോളേജിലുമായിരുന്നു വിദ്യാഭ്യാസം.
സംസ്‌കാരം നാളെ 12 മണിക്ക് വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ നടക്കും. ഭാര്യ: നാരായണിക്കുട്ടിയമ്മ. മക്കള്‍: പ്രദീപ് കുമാര്‍ (മലേഷ്യ), പ്രവീണ(കോഴിക്കോട്), പ്രസന്ന ( ഊട്ടി), പ്രീത(വാഷിംഗ്ടണ്‍), തനൂജ (ആസ്‌ത്രേലിയ). മരുമക്കള്‍: സുരേഷ് മേനോന്‍ (കോഴിക്കോട്), ഗിരിധരന്‍ (ആസ്‌ത്രേലിയ), പുരുഷോത്തമന്‍ (വാഷിങ്ങ്ടണ്‍), പരേതനായ ഡേവിഡ് ഡോസണ്‍(വിങ്ങ് കമാന്‍ഡര്‍). സഹോദരങ്ങള്‍: ജാനകി അമ്മ, പരേതരായ കെ പി നാരായണന്‍ നായര്‍, കൃഷ്ണന്‍, കുഞ്ഞിക്കണ്ണന്‍ നായര്‍, ലക്ഷ്മിഅമ്മ.