ചെന്നൈ : രജനീകാന്ത് ഏപ്രിലിൽ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചേക്കും. ഏപ്രിൽ 14 ന് ശേഷം പ്രഖ്യാപനമുണ്ടാവുമെന്ന് രജനീകാന്തുമായി അടുത്ത ബന്ധമുള്ളവർ സൂചിപ്പിച്ചു. അണ്ണാ ഡി.എം.കെയിൽ നിന്ന് പ്രധാന നേതാക്കൾ രജനിക്കൊപ്പമെത്തുമെന്നാണ് സൂചന. പാട്ടാളി മക്കൾ കക്ഷിയെ ഉൾപ്പെടെ ചേർത്ത് മഹാസഖ്യമുണ്ടാക്കാനും ശ്രമമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പാർട്ടിയുടെ ആദ്യ സമ്മേളനം ഈ വർഷം ആഗസ്റ്റിൽ നടത്തും. സെപ്തംബറിൽ രജനി സംസ്ഥാന ജാഥ നടത്തുമെന്നും സൂചനയുണ്ട്. സഖ്യത്തിലുണ്ടായാലും ഇല്ലെങ്കിലും ബി.ജെ.പി സഹായിക്കുമെന്നാണ് രജനിയുമായി അടുപ്പമുള്ളവർ പറയുന്നത്.
പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏപ്രിൽ 14 ന് ശേഷം എപ്പോൾ വേണമെങ്കിലും പ്രഖ്യാപനമുണ്ടാകുമെന്ന് രജനി മക്കള്‍ മന്ദ്രം പ്രതിനിധി പറഞ്ഞു. ആർ.എസ്.എസ് നേതാവ് എസ് ഗുരുമൂർത്തിയുടെ സ്വാധീനത്തില്‍ രജനീകാന്തിന് രാഷ്ട്രീയമായി ബി.ജെ.പിയിലേക്ക് ചായ്‍വുണ്ട്. അതുകൊണ്ട് തന്നെ രജനീകാന്ത് പുതിയ പാര്‍ട്ടി രൂപീകരിക്കാതെ ബി.ജെ.പിയിലേക്ക് എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അടുത്ത വര്‍ഷം തമിഴ്‌നാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ഏറെ ഗൗരവത്തോടെയാണ് മറ്റ് പാര്‍ട്ടികള്‍ നോക്കിക്കാണുന്നത്. 2017 ഡിസംബറില്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് രജനീകാന്ത് വ്യക്തമാക്കിയിരുന്നു. ഒടുവില്‍ രണ്ടു വര്‍ഷത്തിന് ശേഷമാണ് രജനിയുടെ രാഷ്ട്രീയ പ്രവേശനം വീണ്ടും സജീവ ചര്‍ച്ചയാകുന്നതും വ്യക്തമായ സൂചനകള്‍ ലഭിക്കുന്നതും.