ഇടുക്കി : രാജപ്പാറയിലെ ജംഗിള്‍ പാലസ് റിസോര്‍ട്ടില്‍വെച്ച് കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് നിശാപാര്‍ട്ടി നടത്തിയ സംഭവത്തില്‍ ആറ് പേര്‍ അറസ്റ്റില്‍. റിസോര്‍ട്ടിലെ ജീവനക്കാരാണ് അറസ്റ്റിലായത്. റിസോര്‍ട്ടിന്റെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ പഞ്ചായത്ത് നിര്‍ദ്ദേശം നല്‍കി. റിസോര്‍ട്ട് മാനേജര്‍ കള്ളിയാനിയില്‍ സോജി കെ ഫ്രാന്‍സിസ്, ക്രഷര്‍ മാനേജര്‍ കോതമംഗലം തവരക്കാട്ട് ബേസില്‍ ജോസ്, പാര്‍ട്ടിയില്‍ പങ്കെടുത്ത നാട്ടുകാരായ തോപ്പില്‍ വീട്ടില്‍ മനു കൃഷ്ണ , കരയില്‍ ബാബു മാധവന്‍, കുട്ടപ്പായി, വെള്ളമ്മാള്‍ ഇല്ലം വീട്ടില്‍ കണ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.
ഉടുമ്പന്‍ചോല ചതുരംഗപ്പാറയില്‍ ആരംഭിക്കുന്ന തണ്ണിക്കോട്ട് ഗ്രാനൈറ്റ്‌സിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കഴിഞ്ഞ മാസം 28നാണ് നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും റിസോര്‍ട്ടില്‍ അരങ്ങേറിയത്. ബെല്ലി ഡാന്‍സിനായി എത്തിച്ച വിദേശ വനിതകളുടെ വിസ പരിശോധിച്ച് ക്രമക്കേടുണ്ടെങ്കില്‍ നടപടിയെടുക്കും. കോവിഡ് കാലത്ത് മുംബൈയില്‍ നിന്ന് ഉക്രൈന്‍ നര്‍ത്തകിമാരെത്തിയത് ആരോഗ്യവകുപ്പിനെയും ആശങ്കയിലാഴ്ത്തുന്നുണ്ട്.
സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ റിസോര്‍ട്ടിന്റെ ഉടമ റോയ് കുര്യന്‍ അടക്കം 48 പേര്‍ക്കെതിരെയാണ് ശാന്തന്‍പാറ പോലീസ് കേസ് എടുത്തിട്ടുള്ളത്. എന്നാല്‍ നിശാപാര്‍ട്ടിയിലെ മദ്യ സല്‍ക്കാരത്തിന് തെളിവില്ലാത്തതിനാല്‍ കേസെടുക്കാന്‍ സാധിക്കില്ലെന്ന് എക്‌സൈസ് വകുപ്പ് അറിയിച്ചു.