പത്തനംതിട്ട : സംസ്ഥാന സർക്കാർ എന്തിനും കടമെടുത്ത് മാത്രം ഭരണം നടത്തുന്ന സർക്കാരായി മാറിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വികസിത കേരളം പത്തനംതിട്ട ജില്ലാ കൺവെൻഷൻ്റെ ഉദ്ഘാടനം കുമ്പഴ ലിജോ ഓഡിറ്ററിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനം എന്നത് നാട്ടിൽ വരുത്തിക്കാണിക്കുന്ന പാർട്ടിയാണ് എൻ.ഡി.എ എന്നും എൽ.ഡി.എഫും കോൺഗ്രസും ഇന്ന് കുടുംബവാഴ്ചയുടെ പാർട്ടികളായി മാറിയെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും ഒപ്പം എല്ലാവർക്കും വേണ്ടി എന്ന മുദ്രാവാക്യമുയർത്തി കേന്ദ്രസർക്കാർ നടത്തുന്ന വികസനം ജാതി, മത ചിന്തകൾക്ക് അതീതമാണെന്നും അദ്ദേഹം പറഞ്ഞു.
മുനമ്പം പ്രശ്ന പരിഹാരത്തിനുൾപ്പെടെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി ബില്ലിനെതിരെ വോട്ടുബാങ്ക് നോക്കി കോൺഗ്രസ് ഒത്തുകളിച്ചെന്നും അദ്ദേഹം പറഞ്ഞു. 10 കൊല്ലം ഭാരതം ഭരിച്ച കോൺഗ്രസ് അഴിമതിയും സ്വജനപക്ഷപാതവും അല്ലാതെ മറ്റൊന്നും ചെയ്തില്ലെന്നും പിന്നീട് നരേന്ദ്ര മോദി സർക്കാരിനു കൊടുത്ത അവസരത്തിൽ രാജ്യത്തിനുണ്ടായ കുതിപ്പിൻ്റെ ഫലമാണ് ലോകത്തുതന്നെ നാലാം സ്ഥാനത്തെത്താൻ ഇക്കോണമി വിഭാഗത്തിൽ ഇന്ത്യക്ക് സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡൻ്റെ അഡ്വ. വി.എ സൂരജ് അധ്യക്ഷത വഹിച്ചു.