കാസര്‍കോട് : കാസര്‍കോട് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി കാസര്‍കോട് എം.പി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍. പാര്‍ട്ടിക്കുള്ളില്‍ കലാപമുണ്ടാക്കാനാണ് ഡി.സി.സി. പ്രസിഡന്റ് ശ്രമിക്കുന്നതെന്നാണ് ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി. നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പ്രദേശിക തലങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു.
പെരിയ ഉള്‍പ്പെടുന്ന ഉദുമ മണ്ഡലത്തില്‍ സാധ്യത പട്ടികയില്‍ ബാലകൃഷ്ണന്‍ പെരിയയുടെ പേര് മാത്രം പരിഗണിച്ചതില്‍ ഡി.സി.സി. പ്രസിഡന്റ് ഹക്കിം കൂന്നില്‍ പ്രതിഷേധനം അറിയിച്ചിരുന്നു. ഇതിനുപിന്നാലെ തൃക്കരിപ്പൂര്‍ മണ്ഡലം കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് നല്‍കിയതിലും ഒരുവിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതൃപ്തി അറിയിച്ചിരുന്നു. ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിലെ ഈ അസ്വാരസ്യങ്ങള്‍ക്കെതിരേയാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്തെത്തിയത്. പാര്‍ട്ടി നേതൃത്വത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചാണ് എം.പിയുടെ പ്രസ്താവന.