കാസർകോട് : ഇനിയും ഗ്രൂപ്പുമായി മുന്നോട്ടുപോയാൽ കോൺഗ്രസ് എന്നൊരു പാർട്ടി കേരളത്തില്‍ കാണില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. കോൺഗ്രസ് പ്രവർത്തകരുടെ കൂറും പ്രതിബദ്ധതയും കോൺഗ്രസിനോടായിരിക്കണം. വ്യക്തികളോടാകരുതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിനേക്കാൾ കൂടുതൽ വ്യക്തികളെ സ്നേഹിച്ചതിന്റെ പരിണതഫലമാണ് ഇന്ന് കോൺഗ്രസ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഒരു മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഒരു ഗ്രൂപ്പിന്റെ ആളാണെങ്കിൽ കെ.പി.സി.സി. പ്രസിഡന്റ് എന്ത് തെറ്റുചെയ്താലും അയാളെ മാറ്റാൻ ശ്രമിച്ചാൽ ഗ്രൂപ്പ് ചോദ്യം ചെയ്യും. ആ അഹങ്കാരമാണ് ഇന്ന് ഓരോ സ്ഥാനങ്ങളിലിരിക്കുന്നവർക്ക്. മണ്ഡലം തൊട്ട് ഡി.സി.സി. വരെ എല്ലാവർക്കും അതുണ്ട്. ഇത് മാറണം. -ഉണ്ണിത്താൻ പറഞ്ഞു.
കോൺഗ്രസിൽനിന്ന് ആരും ബി.ജെ.പിയിൽ പോകില്ലെന്നും അദ്ദേഹം പറഞ്ഞു. ശരീരം കോൺഗ്രസിലും മനസ്സ് ബി.ജെ.പിയിലും കൊടുത്ത കുറേ ആളുകളുണ്ട് അവർ പോകും. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രത്യയശാസ്ത്രത്തിൽ വിശ്വസിച്ച് പാർട്ടിയിൽ നിൽക്കുന്ന ഒരാളും കോൺഗ്രസ് വിടില്ല. അവസരവാദികൾ, സ്ഥാനമോഹികൾ, ഈ ജന്മം ഈ പാർട്ടിയെ കൊണ്ട് നേടാൻ കഴിഞ്ഞ സൌഭാഗ്യങ്ങള്‍ മുഴുവൻ അനുഭവിച്ച ആളുകൾ എന്നിവരൊക്കെയാണ് ഇപ്പോൾ പോയ്ക്കൊണ്ടിരിക്കുന്നത്.
കോൺഗ്രസ് സ്ഥാനാർഥി പട്ടിക വന്നതോടെ വിജയസാധ്യത മങ്ങിയെന്ന കെ.സുധാകരന്റെ പരാമർശത്തേയും ഉണ്ണിത്താൻ വിമർശിച്ചു. മാർക്സിസ്റ്റുകാരുമായി കോൺഗ്രസ് ഒരു പോർമുഖത്ത് നിൽക്കുമ്പോൾ സുധാകരനെപ്പോലെ ഒരാൾ ഇങ്ങനെ പറയുന്നത് തനിക്ക് അംഗീകരിക്കാനാവില്ലെന്നാണ് ഉണ്ണിത്താൻ അഭിപ്രായപ്പെട്ടത്.