റാന്നി : റാന്നിയില്‍ രാജു എബ്രഹാമിനെ തഴഞ്ഞു, സീറ്റ് ഇക്കുറി കേരളാ കോണ്‍ഗ്രസിന് ഉറപ്പിച്ചു. കാൽനൂറ്റാണ്ടായി എൽഡിഎഫ് കൈപ്പിടിയിൽ വെച്ചിരുന്ന റാന്നി മണ്ഡലം ഇത്തവണ കേരളാ കോൺഗ്രസിനു പോയതോടെ റാന്നിയിലെ തെരഞ്ഞെടുപ്പ് ചിത്രം മാറിമറിയുമെന്ന് സൂചന. മുതിര്‍ന്ന നേതാവായ രാജു എബ്രഹാമിനെ ഒതുക്കുവാനുള്ള കുറുക്കുവഴി എന്നനിലയിലാണ് തര്‍ക്കമൊന്നുമില്ലാതെ ഈ സീറ്റ് കേരളാ കോണ്‍ഗ്രസിന് സി.പി.എം നല്‍കിയത്.
കോൺഗ്രസിന് സ്വാധീനം ഉണ്ടായിരുന്നിട്ടും തുടർച്ചയായി അഞ്ചു തവണ ഇടതു സ്ഥാനാര്‍ഥി രാജു ഏബ്രഹാം വിജയിച്ചിരുന്നിടത്ത് ഘടകക്ഷിയുടെ സ്ഥാനാർത്ഥി വിജയത്തിലെത്തുവാൻ കടമ്പൾ ഏറെ കടക്കേണ്ടി വരും. രാജു എബ്രഹാമിന്റെ വിജയം രാഷ്ട്രീയം നോക്കാതെ ഒരു പ്രബല സമുദായത്തിന്റെ പിൻതുണയാണന്നുള്ള സത്യം റാന്നിയിലെ ജനങ്ങൾക്ക് ഉറപ്പുള്ളതാണ്. കോൺഗ്രസിനുള്ളിലെ കുടുംബ വഴക്കും മുൻ കാലങ്ങളിൽ എൻ ഡി എക്കുണ്ടായിരുന്ന സ്വാധീനക്കുറവും മൂലമാണ് മുമ്പ് മണ്ഡലം എൽ ഡി എഫ് പിടിച്ചിരുന്നത്.
മണ്ഡലത്തിൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎക്ക് ലഭിച്ച വോട്ട് വർദ്ധനവ് റാന്നിയിൽ ത്രികോണ മത്സരത്തിന് വഴിതെളിക്കും. വോട്ടു ഷെയറില്‍ എൻ ഡി എ കണക്കുകൂട്ടുന്ന എ ക്ലാസ് മണ്ഡലമായ റാന്നിയിൽ മികവുറ്റ സ്ഥാനാർത്ഥിയെ നിർത്തി പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ് ബി.ജെ.പി.