കൊച്ചി : കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന പ്രസിഡന്റ് ആയി രാജു അപ്സര തെരഞ്ഞെടുക്കപ്പെട്ടു. നാല് വോട്ടുകള്‍ക്കാണ് വിജയം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ടി. നസിറുദ്ദീനോട് രണ്ടു വോട്ടുകള്‍ക്ക് പരാജയപ്പെട്ട പെരിങ്ങമല രാമചന്ദ്രന്‍ ഈ തെരഞ്ഞെടുപ്പില്‍ നിലവിലെ സംസ്ഥാന ജനറല്‍ സെക്രട്ടറികൂടിയായ രാജു അപ്സരയോട് പരാജയപ്പെട്ടത് നാല് വോട്ടുകള്‍ക്കാണ്.
തിരുവനന്തപുരം ജില്ലാ പ്രസിഡണ്ടും സംഘടനയിലെ മുതിര്‍ന്ന നേതാവുമാണ് പെരിങ്ങമല രാമചന്ദ്രന്‍. രാജു അപ്സര ആലപ്പുഴ ജില്ലാ പ്രസിഡന്റ് ആണ്. ആകെ പോള്‍ ചെയ്തത് 442 വോട്ടാണ്. ഇതില്‍ രാജു അപ്സരക്ക് 223 വോട്ടും പെരിങ്ങമല രാമചന്ദ്രന് 219 വോട്ടും ലഭിച്ചു. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ദേവസ്യാ മേച്ചേരിയാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി. കോട്ടയം ജില്ലാ പ്രസിഡന്റ് എം.കെ തോമസുകുട്ടിയാണ് സംസ്ഥാന ട്രഷറര്‍. വാശിയേറിയ തെരഞ്ഞെടുപ്പായിരുന്നു നടന്നത്.
ഇന്ന് രാവിലെ 10 മണിക്ക് തന്നെ കൊച്ചി കലൂരുള്ള റീനാ കണ്‍വെന്‍ഷന്‍ സെന്ററില്‍ പോളിംഗ് ആരംഭിച്ചു. ഒരുമണിയോടെ പോളിംഗ് കഴിഞ്ഞു. രണ്ടുമണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ചു. മൂന്ന് മണിക്ക് ഫല പ്രഖ്യാപനവും നടന്നു. അഭിഭാഷകരുടെ പാനല്‍ രഹസ്യ ബാലറ്റിലൂടെയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. 13 ജില്ലകളില്‍ നിന്നായി 444 കൌണ്‍സിലര്‍മാര്‍ക്കാണ് വോട്ട് ഉണ്ടായിരുന്നത്. ഇതില്‍ രണ്ടുപേര്‍ എത്തിയിരുന്നില്ല. തര്‍ക്കങ്ങള്‍ നിലവിലുള്ളതിനാല്‍ പാലക്കാട് ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല, അതിനാല്‍ ഇവര്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ വോട്ടവകാശം ഉണ്ടായിരുന്നില്ല.