തിരുവനന്തപുരം : രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ പോളിംഗ് അവസാനിച്ചു. വൈകിട്ട് നാല് മണിയോടെയാണ് പോളിംഗ് അവസാനിച്ചത്. അഞ്ച് മണിക്ക് തന്നെ തുടങ്ങിയ കൗണ്ടിംഗ് അല്‍പസമയത്തിനകം തന്നെ അവസാനിക്കും. വൈകിട്ടോടെ തന്നെ ഫലമറിയാം. ആകെ 136 വോട്ടുകളുള്ളതില്‍ 130 വോട്ടുകളാണ് പോള്‍ ചെയ്തത്.
എം പി വീരേന്ദ്രകുമാറിന്റെ മരണത്തെത്തുടര്‍ന്ന് ഒഴിവുവന്ന സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. നിയമസഭാമന്ദിരത്തിലെ പാര്‍ലമെന്‍ററി സ്റ്റഡീസ് റൂമില്‍ രാവിലെ പത്ത് മണി മുതല്‍ പോളിംഗ് തുടങ്ങി. ഇടതുമുന്നണിക്ക് വേണ്ടി എല്‍ജെഡി നേതാവ് എം വി ശ്രേയാംസ് കുമാറും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസിലെ ലാല്‍ വര്‍ഗീസ് കല്‍പ്പകവാടിയുമാണ് മത്സരിക്കുന്നത്. നിലവില്‍ സഭയിലെ അംഗബലം വച്ച് ഇടതുമുന്നണിക്ക് ജയമുറപ്പാണ്. അതേസമയം കേരളാ കോണ്‍ഗ്രസ് എമ്മില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന തര്‍ക്കങ്ങളാണ് തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുക. തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നാണ് ജോസ് പക്ഷം പാര്‍ട്ടി അംഗങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത്. അതല്ല യുഡിഎഫിന് വോട്ടുചെയ്യാനാണ് ജോസഫ് പക്ഷം പറയുന്നതും വിപ്പ് നല്‍കിയിരിക്കുന്നതും.
യുഡിഎഫ് തീരുമാനം അംഗീകരിച്ചില്ലെങ്കില്‍ ജോസ് പക്ഷത്തിനെതിരെ കര്‍ശനമായ നടപടിയുണ്ടാകുമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ നേരത്തേ വ്യക്തമാക്കിയിരുന്നതാണ്. അതിനാല്‍ത്തന്നെ ഫലം നിര്‍ണായകമാകും.