തിരുവനന്തപുരം : രാജ്യസഭാ തെരഞ്ഞെടുപ്പിനെ സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഇടതുമുന്നണി യോഗം ചേരും. മൂന്നു സീറ്റിലേയ്ക്കാണു തെരഞ്ഞെടുപ്പു നടക്കുന്നത്. ഇതില്‍ രണ്ടു സീറ്റുകള്‍ ഇടതുമുന്നണിയുടേതാണ്. ഒരു സീറ്റ് കോണ്‍ഗ്രസിനും. ഇടതുമുന്നണി ജയിക്കുമെന്ന് ഉറപ്പുള്ള രണ്ടു സീറ്റും വേണമെന്ന നിലപാടിലാണു സിപിഎം. ഒരു സീറ്റു തങ്ങള്‍ക്കു വേണമെന്നു സിപിഐയും ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിക്കു നല്കിയ സീറ്റ് നിലനിര്‍ത്തണമെന്ന ആവശ്യവുമായി എല്‍ജെഡിയും രംഗത്തുണ്ട്. ഈ സാഹചര്യത്തില്‍ ഇന്നത്തെ ഇടതുമുന്നണി യോഗത്തിനു രാഷ്ട്രീയ പ്രസക്തിയുണ്ട്.
ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ. റഹിമിനെ രാജ്യസഭാ സ്ഥാനാര്‍ഥിയാക്കാനുള്ള ചര്‍ച്ചകള്‍ സിപിഎമ്മില്‍ നടക്കുന്നുണ്ട്. ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കേണ്ട സാഹചര്യം ഉള്ളതിനാലാണു റഹിമിനെ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നത്. സിപിഎം രണ്ടു സീറ്റിലും മത്സരിച്ചാല്‍ ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവനെ സ്ഥാനാര്‍ഥിയാക്കാനും സാധ്യതയുണ്ട്. എന്നാല്‍ എല്‍ജെഡിക്കു തന്നെ സീറ്റ് നല്‍കണമെന്നു വാദിക്കുന്ന നേതാക്കളും സിപിഎമ്മിലുണ്ട്. ഇന്നു രാവിലെ സിപിഎം അവൈലബിള്‍ സെക്രട്ടേറിയറ്റും ചേരും. സെക്രട്ടറിയേറ്റില്‍ ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കും.