തിരുവനന്തപുരം: സംസ്ഥാനത്ത് രാജ്യസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് രാഹുല്‍ഗാന്ധി ജോസ്. കെ മാണിയുമായി ഫോണില്‍ ആശയവിനിമയം നടത്തിയെന്ന് കേരളകോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. മാണി സാറിന്റെ പാര്‍ട്ടിയ്‌ക്ക് എല്ലാവിധ മുന്‍ഗണനയും സംരക്ഷണവും ഉണ്ടാകുമെന്നും ധൃതി പിടിച്ചൊരു തീരുമാനം എടുക്കരുതെന്നും രാഹുല്‍ ജോസ് കെ മാണിയോട് ആവശ്യപ്പെട്ടതായാണ് വിവരം. കേരള കോണ്‍ഗ്രസ് യു.പി.എയുടെ ഭാഗമാണ്. അത് അങ്ങനെതന്നെ തുടരാനാണ് ആഗ്രഹിക്കുന്നത്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് ബുദ്ധിമുട്ടുണ്ട്. അതിനിടെ എതിര്‍ത്തൊരു തീരുമാനം എടുക്കരുതെന്നും രാഹുല്‍ ജോസ് കെ മാണിയോട് പറഞ്ഞു. ധൃതി പിടിച്ചൊരു തീരുമാനം ഉണ്ടാകില്ലെന്നും യു.പി.എയുടെ ഭാഗമായി നിലനില്‍ക്കുമെന്നും ജോസ്.കെ മാണി മറുപടി നല്‍കിയതായാണ് സൂചന.
സമവായ ചര്‍ച്ചകള്‍ക്ക് ലീഗ്
രാജ്യസഭ തിരഞ്ഞെടുപ്പില്‍ ജോസ് വിഭാഗത്തിന്റെ പക്കലുള്ള രണ്ട് വോട്ടുകള്‍ ഉറപ്പിക്കാന്‍ സമവായ ചര്‍ച്ചകള്‍ മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ തുടങ്ങിയെന്നും വിവരമുണ്ട്. മലപ്പുറം, വേങ്ങര ഉപതിരഞ്ഞെടുപ്പുകളില്‍ കേരള കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട് ഇപ്പോഴും തുടരണമെന്നാണ് ലീഗ് അഭ്യര്‍ത്ഥിച്ചത്. രണ്ട് ഉപതിരഞ്ഞെടുപ്പുകളുടെ സമയത്തും കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞ് കേരള കോണ്‍ഗ്രസ് മുന്നണിയ്ക്ക് പുറത്തായിരുന്നു. എന്നാല്‍, മലപ്പുറം ലോക്‌സഭാ ഉപ തിരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടിക്കും നിയമസഭ തിരഞ്ഞെടുപ്പില്‍ കെ.എന്‍.എ ഖാദറിനും കേരള കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ജോസ് വിഭാഗം നേതാക്കളുമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സംസാരിച്ചു. സ്വതന്ത്രമായി നില്‍ക്കുകയാണെങ്കിലും രാജ്യസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വോട്ട് ചെയ്യണമെന്നാണ് അദ്ദേഹവും അഭ്യര്‍ത്ഥിച്ചതത്രേ.
തീരുമാനം ആഗസ്റ്റ് 23ന്
രാജ്യസഭ തിരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്നത് സംബന്ധിച്ച് ആഗസ്റ്റ് 23ന് തീരുമാനമുണ്ടാകുമെന്നാണ് ജോസ് വിഭാഗം നേതാക്കള്‍ പറയുന്നത്. ആഗസ്റ്റ് 24നാണ് വോട്ടെടുപ്പ്. ജോസഫ് വിഭാഗം നല്‍കുന്ന വിപ്പ് സ്വീകരിക്കില്ല. വിപ്പ് നല്‍കേണ്ട അധികാരം റോഷി അഗസ്റ്റിനാണ്. ആര്‍ക്ക് വോട്ട് ചെയ്‌താലും അത് മുന്നണി പ്രവേശനമായി കണക്കുകൂട്ടാന്‍ കഴിയില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി മാത്രമേ മുന്നണി പ്രവേശനം സംബന്ധിച്ച തീരുമാനം ഉണ്ടാവൂ എന്നും നേതാക്കള്‍ പറയുന്നു.
ജോസ് വിഭാഗത്തിലെ നേതാക്കളിലും അണികളിലും ഭൂരിപക്ഷം പേര്‍ക്കും യു.ഡി.എഫിലേക്ക് തന്നെ പോകാനാണ് താത്പര്യമെന്ന് ചില നേതാക്കളെങ്കിലും പറയുന്നു. എന്നാല്‍ ആട്ടിയിറക്കിയ മുന്നണിയിലേക്ക് അങ്ങോട്ട് പോയി അവസരം ചോദിക്കേണ്ട, പകരം മുന്നണി നേതൃത്വം ഇങ്ങോട്ട് വരട്ടെയെന്നാണ് പാര്‍ട്ടിയില്‍ പൊതുവെയുള്ള അഭിപ്രായം.
എന്നാല്‍, പി.ജെ. ജോസഫ് ഉള്ള മുന്നണിയിലേക്ക് പോകില്ലെന്ന് ചില ജോസ് വിഭാഗം നേതാക്കള്‍ ആവര്‍ത്തിക്കുന്നു. അതേസമയം മദ്ധ്യകേരളത്തിലെ സി.പി.എം പ്രാദേശിക ഘടകങ്ങള്‍ക്കും സംസ്ഥാന ഘടകത്തിനും ജോസ് വിഭാഗത്തെ കൂടെ കൂട്ടുന്നതില്‍ താത്പര്യമാണ്. എന്നാല്‍ സി.പി.ഐ ഇടഞ്ഞുനില്‍ക്കുന്നതാണ് പ്രശ്നം.