തിരുവനന്തപുരം: എല്‍.ഡി.എഫിന് വിജയിക്കാന്‍ കഴിയുന്ന രണ്ട് രാജ്യസഭ സീറ്റുകളിലേക്കുള്ള സി.പി.എമ്മിന്റെ സ്ഥാനാര്‍ഥികളെ ഇന്ന് അറിയാം. രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടറിയറ്റിലാവും ധാരണ ഉണ്ടാവുക. ശേഷം വൈകിട്ട് നാലിന് ചേരുന്ന എല്‍.ഡി.എഫ് സംസ്ഥാന സമിതിയുടെ അംഗീകാരത്തോടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് ഒഴിവുകളില്‍ നിലവിലെ നിയമസഭ പ്രാതിനിധ്യം അനുസരിച്ച് എല്‍.ഡി.എഫിന് രണ്ട് സീറ്റുകളില്‍ വിജയിക്കാന്‍ കഴിയും.
രാജ്യസഭയില്‍ കൂടുതല്‍ പാര്‍ട്ടിയംഗങ്ങളും നേതാക്കളും ഉണ്ടാവണമെന്ന ദേശീയ നേതൃത്വത്തിന്റെ താല്പര്യത്തിനനുസരിച്ച് സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനാണ് സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. നിലവില്‍ രാജ്യസഭയില്‍ നിന്നൊഴിയുന്ന കെ.കെ. രാഗേഷിന് ഒരിക്കല്‍ കൂടി അവസരം നല്‍കിയേക്കുമെന്നാണ് സൂചന. കുറച്ച് വര്‍ഷങ്ങളായി ഡല്‍ഹി കേന്ദ്രീകരിച്ചാണ് സംസ്ഥാന സമിതിയംഗം കൂടിയായ രാഗേഷിന്റെ പ്രവര്‍ത്തനം. അഖിലേന്ത്യ കര്‍ഷകസംഘത്തിന്റെ ജോയിന്റ് സെക്രട്ടറി കൂടിയായ രാഗേഷ് ഡല്‍ഹി കേന്ദ്രീകരിച്ച് നടക്കുന്ന കര്‍ഷക സമരത്തിന്റെ മുന്പന്തിയിലുമുണ്ട്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ ഒരിക്കല്‍കൂടി രാജ്യസഭയിലേക്ക് അയക്കുമെന്നാണ് കണക്കാക്കുന്നത്.
കൂടാതെ സംസ്ഥാന സമിതിയംഗം ഡോ. വി. ശിവദാസന്‍, സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബി ജോണ്‍ എന്നിവരുടെ പേരുകളും സജീവ പരിഗണനയിലുണ്ട്. എസ്.എഫ്.ഐ മുന്‍ അഖിലേന്ത്യ നേതാവ് കൂടിയായ ശിവദാസന്‍ നിലവില്‍ എ.കെ.ജി സെന്റര്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. മുതിര്‍ന്ന നേതാവായ ബേബി ജോണ്‍ ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായിരുന്നില്ല. ഇവരെക്കൂടാതെ സി.പി.എം സഹയാത്രികന് ചെറിയാന് ഫിലിപ്പ് , മുന്‍ മന്ത്രി തോമസ് ഐസക് എന്നിവരുടെ പേരും പാര്‍ട്ടി വൃത്തങ്ങളില്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്.
നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രാഥമിക വിലയിരുത്തലും സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റിലും എല്‍.ഡി.എഫ് സംസ്ഥാന സമിതിയിലും നടക്കും. സി.പി.എം ഇതിനകം ആദ്യഘട്ട വിലയിരുത്തല്‍ ജില്ലകളില്‍ നടത്തിക്കഴിഞ്ഞു.