കൊച്ചി : കോതമംഗലത്ത് യുവതിയെ വെടിവെച്ചുകൊന്ന് യുവാവ് സ്വയം വെടിവെച്ചുമരിച്ച സംഭവത്തിൽ വെടിവെപ്പ് നടന്ന മുറിക്കകത്ത് ചുമരിൽ തറച്ചനിലയിൽ ഒരു വെടിയുണ്ട ഫൊറൻസിക് സംഘം കണ്ടെത്തി. ഇതോടെ മാനസയ്ക്കുനേരെ പ്രതി രാഖിൽ വെടിയുതിർത്തത് മൂന്നുതവണയെന്നു വ്യക്തമായി.
രണ്ടുവെടിയുണ്ടകൾ മാനസയുടെ ശരീരത്തിൽ പതിച്ചിരുന്നു. ഒന്ന് ഉന്നം തെറ്റി പതിച്ചതാകാമെന്നുകരുതുന്നു. ഇൻക്വസ്റ്റ് നടപടികൾക്കിടയിൽ രാഖിലിന്റെ പോക്കറ്റിൽനിന്ന് അഞ്ചു വെടിയുണ്ടകൾകൂടി കണ്ടെടുത്തു. 13 ബുള്ളറ്റ് ലോഡ് ചെയ്യാവുന്ന തോക്കായിരുന്നു ഇത്.
7.62 എം.എം. പിസ്റ്റളാണ് ഇതിനുപയോഗിച്ചത്. ഒരു ബുള്ളറ്റ് സ്വയം ജീവനൊടുക്കാനും ഉപയോഗിച്ചു. തൊട്ടടുത്തുനിന്നാണ് രാഖിൽ നിറയൊഴിച്ചതെന്നും വ്യക്തമായി. തോക്കിൽ ഏഴ് ഉണ്ടകൾ നിറച്ചിരുന്നു. മൂന്നെണ്ണം തോക്കിൽ അവശേഷിച്ചിരുന്നു. വെള്ളിയാഴ്ച രാത്രിതന്നെ പോലീസ് തോക്ക് കസ്റ്റഡിയിലെടുത്തിരുന്നു. ഇത് വിദഗ്‌ധപരിശോധനയ്ക്ക് ബെംഗളൂരുവിലേക്ക് അയക്കും.