കാഞ്ഞിരപ്പള്ളി: രക്ഷിക്കാനെത്തിയയാള്‍ ബോധരഹിതയായി റോഡില്‍ വീണ വീട്ടമ്മയുടെ സ്വര്‍ണവളയുമായി മുങ്ങി. കാഞ്ഞിരപ്പള്ളി ബസ്സ്റ്റാന്‍ഡിലായിരുന്നു സംഭവം. ബസ്സ്റ്റാന്‍ഡ് കവാടത്തില്‍ സ്ഥിതി ചെയ്യുന്ന ചെല്ലാടന്‍ കൂള്‍ബാര്‍ ഉടമയായ ഓമന സുധാകരന്‍ തൊട്ടടുത്ത കടയില്‍ ചായ കുടിക്കുന്നതിനിടെ രക്തസമ്മര്‍ദം താഴ്ന്ന് ബോധരഹിതയായി വീഴുകയായിരുന്നു. സംഭവം കണ്ടുനിന്ന നിരവധിപേര്‍ ഓമനയെ സഹായിക്കാന്‍ ഓടിയെത്തി. എന്നാല്‍, അതില്‍ ഒരു കള്ളനും ഉണ്ടായിരുന്നു. സഹായത്തിനെന്ന പേരില്‍ ഓടിക്കൂടിയവരില്‍ ഒരാള്‍, ഓമനയുടെ കൈയില്‍ കിടന്ന ഒന്നര പവന്റെ വള കവര്‍ന്ന് മുങ്ങി.
ഓടിക്കൂടിയവരില്‍ ചിലര്‍ അവരെ ഓട്ടോയില്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍വെച്ച് ബോധം തിരിച്ചുകിട്ടിയ ശേഷമാണ് വള നഷ്ടമായ വിവരം ഓമന അറിയുന്നത്. തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സി.സി.ടി.വി പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.