കോന്നി: റംബൂട്ടാന്‍ വിപണിയില്‍ വില കുറഞ്ഞത് ഈ വര്‍ഷത്തെ വ്യാപാരത്തെ സാരമായി ബാധിക്കും. കര്‍ഷകരില്‍ നിന്നും വാങ്ങുന്ന റംബൂട്ടാന്‍ എണ്‍പത് രൂപ വില നിരക്കിലാണ് കച്ചവടക്കാര്‍ വിപണിയില്‍ നല്‍കുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം റംബൂട്ടാന് ഇതില്‍ കൂടുതല്‍ വില ലഭിച്ചിരുന്നു. മാങ്കോസ്റ്റീന്‍ പഴത്തിന്റെ വില ഇടിഞ്ഞതും റംബൂട്ടാന്‍ വിപണിയെ സാരമായി ബാധിച്ചതായി കച്ചവടക്കാര്‍ പറയുന്നു. കഴിഞ്ഞ തവണ നൂറുരൂപയോളം റമ്പൂട്ടാന് വില ലഭിച്ചിരുന്നു. ബഡ്ഡ് ചെയ്ത മരങ്ങള്‍ക്കാണ് കൂടുതല്‍ വില ലഭിക്കുന്നത് എന്ന് കച്ചവടക്കാര്‍ പറയുന്നു. മാത്രമല്ല റംബൂട്ടാന്‍ കൃഷി സുലഭമായത് വിലയിടിവിന് കാരണമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായത് റംബൂട്ടാന്‍ മേഖലയില്‍ തിരിച്ചടിയുണ്ടാക്കിയപ്പോള്‍ ഈ വര്‍ഷമെങ്കിലും മികച്ച വിളവെടുപ്പ് കര്‍ഷകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ വിലയിടിവ് കച്ചവടത്തെ സാരമായി ബാധിച്ചതോടെ കര്‍ഷകരില്‍ നിന്നും മരങ്ങള്‍ വാങ്ങേണ്ട എന്ന തീരുമാനത്തിലാണ് കര്‍ഷകര്‍.
കായ്ച്ച മരങ്ങള്‍ വലയിട്ട് നിര്‍ത്തി പഴുത്ത് പാകമാകുമ്പോള്‍ കച്ചവടക്കാര്‍ നേരിട്ട് വിളവെടുക്കുന്നതാണ് രീതി. എന്നാല്‍ മലയോര മേഖലയില്‍ പലയിടത്തും റംബൂട്ടാന്‍ വിളഞ്ഞ് പഴുത്തിട്ടും വിലയിടിവ് മൂലം കച്ചവടക്കാര്‍ എത്താത്തത് കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയായി. പലയിടത്തും വലയിട്ട മരങ്ങള്‍ പോലും വിളവെടുക്കാന്‍ കച്ചവടക്കാര്‍ എത്താതെയായി. മലയോര മേഖലയായ കോന്നിയിലെ കര്‍ഷകരുടെ പ്രധാന കൃഷികളില്‍ ഒന്നാണ് റംബൂട്ടാന്‍. മഞ്ഞയും ചുവപ്പും നിറങ്ങളില്‍ കാണപ്പെടുന്ന റംബൂട്ടാന്‍ പഴങ്ങളില്‍ ചുവപ്പിനാണ് ആവശ്യക്കാര്‍ ഏറെയും. എന്നാല്‍ വിലക്കുറവ് വരും മാസങ്ങളിലും തുടരും എന്നാണ് കച്ചവടക്കാര്‍ പറയുന്നത്. കോന്നി, തണ്ണിത്തോട്, പ്രമാടം, മലയാലപ്പുഴ, ചിറ്റാര്‍, സീതത്തോട് തുടങ്ങി പല സ്ഥലങ്ങളിലും നൂറ് കണക്കിന് മരങ്ങളാണ് കായ്ച്ച് നില്‍ക്കുന്നത്. കോന്നിയിലെ മലയോര മേഖലയിലെ ജനങ്ങള്‍ക്ക് വര്‍ഷത്തില്‍ ലഭിക്കുന്ന പ്രധാന വരുമാന മാര്‍ഗമാണ് റംബൂട്ടാന്‍ കൃഷിയിലൂടെ ലഭിക്കുന്നത്. റംബൂട്ടാന് വ്യപാര മേഖലയില്‍ ഈ വര്‍ഷം ഉണ്ടായ വിലയിടിവ് കര്‍ഷകരെയും കച്ചവടക്കാരെയും ഒരുപോലെ ബാധിക്കുമെന്നാണ് കച്ചവടക്കാരും കര്‍ഷകരും പറയുന്നത്. പല കച്ചവടക്കാരും പണം പലിശക്ക് എടുത്തും മറ്റുമാണ് വ്യാപാരം നടത്തുന്നത്. ഇതിനാല്‍ വിലയിടിവ് സാരമായി ബാധിച്ചാല്‍ കച്ചവടക്കാര്‍ കടക്കെണിയില്‍ അകപ്പെടും എന്ന ഭയവുമുണ്ട്. തായ്ലന്റ് ആണ് റംബൂട്ടാന്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന രാജ്യം. മലായ് ദീപ് സമൂഹങ്ങള്‍ ജന്മ ദേശമായ ഈ പഴത്തിന് നിബിഡം എന്ന അര്‍ത്ഥം വരുന്ന റംബൂട്ട് എന്ന മലായി വാക്കില്‍ നിന്നാണ് ഈ പേര് ലഭിച്ചത്.