തിരുവനന്തപുരം : സ്വര്‍ണക്കടത്തു കേസും മയക്കുമരുന്നു കച്ചവടത്തെ കുറിച്ചുള്ള അന്വേഷണവും അട്ടിമറിക്കാന്‍ വളരെ ബോധപൂര്‍വം സംസ്ഥാന സര്‍ക്കാരും സി.പി.എമ്മും ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഘടിതവും ആസൂത്രിതവുമായ ഒരു പദ്ധതിയാണ് സര്‍ക്കാരും സി.പി.എമ്മും ചേര്‍ന്ന് തയ്യാറാക്കിയിട്ടുള്ളതെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് കുടുങ്ങും എന്ന് ബോധ്യമായപ്പോഴാണ് എല്ലാ നിയമങ്ങളെയും ജനാധിപത്യ മര്യാദകളെയും കാറ്റില്‍ പറത്തിക്കൊണ്ട് നിയമാനുസൃതമായ അന്വേഷണം അട്ടിമറിക്കാനുള്ള സംഘടിതമായ നീക്കം സി.പി.എം. നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു. അഴിമതിയെ കുറിച്ചുള്ള അന്വേഷണം തടയാന്‍ കേരള നിയമസഭയെ പോലും ദുരുപയോഗപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്വേഷണം ശരിയായ ദിശയിലാണെന്ന് പറഞ്ഞിരുന്ന മുഖ്യമന്ത്രി എന്തുകൊണ്ടാണ് സ്വരം മാറ്റിയതെന്നും എന്തുകൊണ്ടാണ് മുഖ്യമന്ത്രിയും പാര്‍ട്ടിയും അന്വേഷണ ഏജന്‍സികള്‍ക്ക് എതിരെ തിരിഞ്ഞിരിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു. ഇടതു മുന്നണിയുടെ അഴിമതി അന്വേഷണത്തിനെതിരെയുള്ള സമരം ജനത്തെ കബളിപ്പിക്കാനുള്ളതാണ്. അഴിമതി അന്വേഷണത്തില്‍ താന്‍ പെടുമെന്ന് വന്നപ്പോഴാണ് മുഖ്യമന്ത്രിയുടെ സ്വരം മാറിയത്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് വെളിവാകുമെന്ന് കണ്ടപ്പോഴാണ് അന്വേഷണ ഏജന്‍സികള്‍ക്കെതിരേ മുഖ്യമന്ത്രി ഉറഞ്ഞുതുള്ളുന്നതെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ ശിവശങ്കറും സ്വപ്‌നയും കിണഞ്ഞു പരിശ്രമിക്കുകയാണ്. ഈ കേസിലെ പ്രധാനപ്പെട്ട പ്രതികള്‍ എന്തുകൊണ്ടാണ് മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നതെന്നും ചെന്നിത്തല ആരാഞ്ഞു.