കൊല്ലം : കുളത്തൂപ്പുഴയ്ക്കു സമീപമുള്ള അരിപ്പയില്‍ നടക്കുന്ന ഭൂസമരത്തിന്റെ 13-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ന് വൈകിട്ട് അഞ്ചിന് സമരഭൂമിയായ അരിപ്പയിലെ അംബേദ്കര്‍ നഗറില്‍ നടക്കുന്ന സമരസന്ദേശ റാലിയും പൊതു സമ്മേളനവും കോൺഗ്രസ് പ്രവർത്തക സമിതിയoഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. 2012 ഡിസംബര്‍ 31 നാണ് ശ്രീരാമന്‍ കൊയ്യോന്റെ നേതൃത്വത്തില്‍ അഞ്ഞൂറോളം ദളിത് – ആദിവാസി കുടുംബങ്ങളും മറ്റു ഭൂരഹിതരും ചേര്‍ന്ന് പാട്ടക്കാലവധിക്കു ശേഷം സര്‍ക്കാര്‍ ഏറ്റെടുത്ത റവന്യൂ ഭൂമിയില്‍ കുടില്‍ കെട്ടി സമരം തുടങ്ങിയത്. ചെങ്ങറ പാക്കേജില്‍ ആദിവാസികള്‍ക്കു നല്‍കിയ 21 ഏക്കര്‍ കഴിഞ്ഞുള്ള 52 ഏക്കര്‍ ഭൂമിക്കുവേണ്ടിയാണ് സമരം.
സമരത്തില്‍ പങ്കെടുക്കുന്ന കുടുംബങ്ങള്‍ കഴിഞ്ഞ 13 വര്‍ഷങ്ങളായി ഹരിജന്‍ ലക്ഷം വീട് കോളനികളിലും റോഡ് – തോട് – കനാല്‍ പുറമ്പോക്കുകളിലുമായാണ് താമസിക്കുന്നത്. കടുത്ത ജീവിതപ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ഇവർക്ക് റേഷന്‍ കാര്‍ഡ് ഇല്ലാത്തതു മൂലം കോവിഡ് കാലത്തു പോലും സര്‍ക്കാര്‍ സഹായങ്ങള്‍ ലഭ്യമായിരുന്നില്ല. സമരഭൂമിയില്‍ കൃഷി നടത്തിയിരുന്നത് പലവട്ടം നിര്‍ത്തിവെപ്പിച്ചതിനെത്തുടര്‍ന്ന് അതിനും കഴിയാത്ത അവസ്ഥയിലാണ് ഇവര്‍. 2024 നവംബറില്‍ റവന്യൂ മന്ത്രി ഇടപെട്ടതിനു ശേഷവും സമരക്കാരുടെ ജാതി, ഭൂ ഉടമസ്ഥത എന്നിവ തിരിച്ച് പ്രാഥമിക ഗുണഭോക്തൃ ലിസ്റ്റ് പോലും ഉണ്ടാക്കുന്നതിന് സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സമരം തുടങ്ങിയതിനു ശേഷം പരിസരവാസികളും മതസ്ഥാപനങ്ങളും കയ്യേറിയ ഭൂമി തിരിച്ചു പിടിക്കാനും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇവരുടെ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെട്ട് അടിയന്തിരമായി പരിഹാരം ഉണ്ടാക്കണംഎന്നിട്ട് ചെന്നിത്തല ആവശ്യപെട്ടു.