എറണാകുളം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്ത് പോലീസ് ഉദ്യോഗസ്ഥര്‍. ആറ് പോലീസുകാരാണ് എറണാകുളം ഡിസിസി ഓഫീസില്‍ എത്തി ഐശ്വര്യ കേരള യാത്രയ്ക്ക് അഭിവാദ്യമര്‍പ്പിച്ച് രമേശ് ചെന്നിത്തലയ്ക്ക് ഷാള്‍ അണിയിച്ചത്. എറണാകുളം ജില്ലയിലെ കഴിഞ്ഞ യുഡിഎഫ് ഭരണകാലത്തെ പോലീസ് സംഘടന നേതാക്കന്മാരാണ് ഐശ്വര്യ കേരള യാത്രയ്ക്ക് അഭിവാദ്യം ചെയ്യാനെത്തിയത്. കണ്‍ട്രോള്‍ റൂം എഎസ്‌ഐ ഷിബു ചെറിയാന്‍, ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ എഎസ്‌ഐമാരായ ജോസ് ആന്റണി, ബിജു, കൂടാതെ സിവില്‍ പോലീസ് ഓഫീസര്‍മാരായ സില്‍ജന്‍, ദിലീപ്, സദാനന്ദന്‍ എന്നിവരും ഉണ്ടായിരുന്നു.
ഐശ്വര്യ കേരളയാത്രക്ക് പിന്തുണയുമായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ജില്ലാ ആസ്ഥാനത്തെത്തിയ പോലീസുകാര്‍ രമേശ് ചെന്നിത്തലയെ ഷാള്‍ അണിയിക്കുകയും ചെയ്തു. പോലീസിന് ഉള്ളിലെ കോണ്‍ഗ്രസുകാരില്‍ രമേശ് ചെന്നിത്തല ഗ്രൂപ്പിലെ നേതാക്കളായാണ് ഈ ആറു പേരും അറിയപ്പെട്ടിരുന്നത്.
അതേസമയം കോണ്‍ഗ്രസ് ചായ്‌വുള്ള പോലീസുകാരുടെ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ എ ഗ്രൂപ്പുകാര്‍ ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നാണ് ആരോപണം. ഇതിനെതിരെ എതിരെ സംസ്ഥാന ഇന്റലിജന്‍സ്, സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.