തിരുവനന്തപുരം : വോട്ടു തട്ടുന്നതിന് വേണ്ടി എട്ടു മാസക്കാലത്തോളം കുഞ്ഞുങ്ങളുടെ അന്നം മുടക്കിയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനുള്ള ഭക്ഷ്യധാന്യം സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെ വിതരണം ചെയ്യാതെ പൂഴ്ത്തി വെച്ച ശേഷം വോട്ടെടുപ്പിന് തൊട്ടുമുമ്പ് ഒന്നിച്ച് വിതരണം ചെയ്യുകയാണ് ചെയ്യുന്നത്. ഇത് വോട്ട് തട്ടാനല്ലെങ്കില്‍ പിന്നെ മറ്റെന്തിനാണ്?. പിഞ്ചു കുഞ്ഞുങ്ങള്‍ പട്ടിണി കിടന്നാലും വേണ്ടില്ല, തങ്ങള്‍ക്ക് വോട്ട് കിട്ടിയാല്‍ മതിയെന്ന് കരുതുന്ന ക്രൂരമായ മനോനിലയിലാണ് മുഖ്യമന്ത്രി എത്തിച്ചേര്‍ന്നിരിക്കുന്നത്.
സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഭക്ഷ്യധാന്യം വിതരണം ചെയ്യരുതെന്നല്ല പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്. ഏപ്രില്‍ ആറിന് ശേഷം വിതരണം ചെയ്യണമെന്നാണ്. അതിനെന്താ കുഴപ്പം?
മുന്‍യു.പി.എ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ഭക്ഷ്യസുരക്ഷാ പദ്ധതി അനുസരിച്ചുള്ള ഭക്ഷ്യധാന്യമാണ് സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കേണ്ടത്. ഇത് സംസ്ഥാന സര്‍ക്കാരിന്റെ ഔദാര്യമൊന്നുമല്ല. കുട്ടികളുടെ അവകാശമാണ്. അതാണ് സംസ്ഥാന സര്‍ക്കാര്‍ വോട്ട് തട്ടാനായി എട്ടുമാസത്തോളം നിഷേധിച്ചത്. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള ഭക്ഷ്യധാന്യം പൂഴ്ത്തി വച്ചത് എന്തിന് എന്നതിന് മുഖ്യമന്ത്രി മറുപടി നല്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഇത്തവണ വിഷു ഏപ്രില്‍ 14 നാണ്. വിഷുവിനുള്ള ഭക്ഷ്യക്കിറ്റും വോട്ടെടുപ്പിന് തൊട്ടു മുമ്പ് വിതരണം ചെയ്യുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. അതും ഏപ്രില്‍ ആറ് കഴിഞ്ഞ് വിതരണം ചെയ്താല്‍ മതിയെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുള്ളത്. വോട്ടെടുപ്പന് തൊട്ടു മുമ്പ് ഭക്ഷ്യക്കിറ്റുകളെല്ലം ഒന്നിച്ച് വിതരണം ചെയ്ത് ജനങ്ങളെ മയക്കാമെന്നാണോ മുഖ്യമന്ത്രി കരുതുന്നത്? അത്രയ്ക്ക് പ്രബുദ്ധരല്ലാത്തവരാണ് ജനങ്ങളെന്നാണോ മുഖ്യമന്ത്രി കരുതുന്നത്? ഏപ്രില്‍ ആറിന് ശേഷം വിഷുക്കിറ്റ് നല്‍കിയാല്‍ കുഴപ്പമൊന്നും വരാനില്ല.
അതേ പോലെ മെയ് മാസത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷനും ഏപ്രില്‍ മാസം വോട്ടെടുപ്പിന് മുമ്പ് മുന്‍കൂട്ടി നല്‍കുന്നതും വോട്ടര്‍മാരെ സ്വാധീനിക്കാനാണ്. ഇതും ഏപ്രില്‍ 6 ന് ശേഷം നല്‍കിയാല്‍ മതിയാകും. തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടത് എല്ലാം ഏപ്രില്‍ ആറിന് ശേഷം നല്‍കണമെന്നാണ്. ഇത്തരം ചെപ്പടി വിദ്യകള്‍ കൊണ്ടൊന്നും ഇടതു മുന്നണി ഇപ്പോഴത്തെ തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടാന്‍ പോകുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.