തിരുവല്ല: ആദിവാസി-പട്ടികജാതി കോളനികളിൽ അധിവസിക്കുന്നവരുടെ പ്രശ്നങ്ങൾ നേരിട്ടു മനസിലാക്കുന്നതിനും അവ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനുമായി രമേശ് ചെന്നിത്തല ആരംഭിച്ച ഗാന്ധിഗ്രാമം പദ്ധതിയുടെ ഭാഗമായി ഇത്തവണ പുതുവർഷാരംഭം പത്തനംതിട്ട ജില്ലയിലെ തിരുവല്ല നിയോജക മണ്ഡലത്തിലെ പെരിങ്ങര പഞ്ചായത്തിലെ മുണ്ടപ്പള്ളി പട്ടികജാതി കോളനിയിൽ കോളനി നിവാസികളുമൊത്ത് ആഘോഷിക്കും. രമേശ് ചെന്നിത്തല കെ പി സി സി അധ്യക്ഷനായിരുന്ന കാലത്ത് പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായാണ് ഗാന്ധിഗ്രാമം പരിപാടി ആരംഭിച്ചത്. ആദ്യതവണ കോളനിവികസനത്തിനായി സർക്കാരിനെക്കൊണ്ട് ഒരു കോടി രൂപ വീതം അനുവദിപ്പിക്കാൻ കഴിഞ്ഞിരുന്നു. പിന്നീട് ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷനേതാവ് ആയിരുന്നപ്പോഴും പുതുവര്‍ഷം അവര്‍ക്കൊപ്പമാണ് ആഘോഷിച്ചിരുന്നത്.
ഈ വര്‍ഷവും ജനുവരി ഒന്ന് ബുധൻ രാവിലെ എട്ടു മണിക്ക് കോളനിയിലെത്തുന്ന അദ്ദേഹം അവിടുത്തെ ആദിവാസി സമൂഹത്തിന്റെ പ്രശ്നങ്ങള്‍ നേരിട്ട് കേള്‍ക്കുകയും അവയെല്ലാം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. തുടർന്ന് അവരോടൊപ്പം ഉച്ചഭക്ഷണം കഴിക്കും. അതിനുശേഷം നാടൻ – പരമ്പരാഗത കലാപരിപാടികളും വീക്ഷിച്ച ശേഷമായിരിക്കും രമേശ് ചെന്നിത്തല മടങ്ങുക. സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ ഉള്ളവർ ഈ പുതുവർഷത്തിൽ രമേശ് ചെന്നിത്തലയുടെ ഗാന്ധിഗ്രാമിൻ്റെ ഭാഗമായി പങ്കാളികളാകും.
2011 ൽ ഗാന്ധിഗ്രാമം പരിപാടി തൃശൂരിൽ കെ.കരുണാകരൻ്റെ മണ്ഡലമായ മാളയിലെ കുന്നത്തുകാട് കോളനിയിൽ നിന്നുമാണ് ആരംഭിച്ചത്. കഴിഞ്ഞ തവണ (2024) കോഴിക്കോട് ജില്ലയിലെ എലത്തൂർ നിയോജകമണ്ഡലത്തിലെ ചേളന്നൂർ പഞ്ചായത്തിലെ ഞാറക്കാട്ട് കോളനിയിലായിരുന്നു.
2012 -ൽ പാലക്കാട് അട്ടപ്പാടി – അഗളി, പുതുർ, മുള്ളി കോളനി
2013 – ൽ പാലക്കാട് – അനാവായി ഊര് ആദിവാസി കോളനി
2014 ൽ കോട്ടയം – തലയോലപറമ്പ് എസ് സി കോളനി
2015 – ൽ വയനാട് ബത്തേരി പേരംപെറ്റ എസ് സി കോളനി
2016 ൽ കണ്ണൂർ – പാൽചുരം ആദിവാസി കോളനി
2017 – ൽ മലപ്പുറം വേങ്ങര ഗാന്ധിക്കുന്നു ആദിവാസി കോളനി
2018 – ൽ എറണാകുളം കോതമംഗലം കുട്ടമ്പുഴ കുഞ്ചിപ്പാറകുടി ആദിവാസി കോളനി
2019 ൽ കൊല്ലം പുനലൂർ ഉറുകുന്നു ‘ഇന്ദിരാഗാന്ധി ആദിവാസി കോളനി
2020 – ൽ ഇടുക്കി ഇടമലക്കുടി ആദിവാസി കോളനി
2021 – ൽ പത്തനംതിട്ട ഗവി ആദിവാസി കോളനി
2022 – തിരുവനന്തപുരം അമ്പൂരി പുരവിമല ആദിവാസി കോളനി എന്നിവിടങ്ങളിലും സന്ദർശനം നടത്തി.
ഇവ കൂടാതെ വിതുര നാലകത്തിൻകാല പട്ടികവർഗ്ഗ കോളനി
എറണാകുളം പള്ളിക്കര കുമാരപുരം കുന്നത്തു നാട് എസ്സി കോളനി
കൊല്ലം കുന്നത്തൂർ പോരുവഴി പഞ്ചായത്തിൽ കുറുംബകര കോളനി
എന്നിവിടങ്ങളിലും ഗാന്ധിഗ്രാമം പരിപാടിയുടെ ഭാഗമായി രമേശ് ചെന്നിത്തല സന്ദർശനം നടത്തിയിട്ടുണ്ട്. പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ചെയർമാനായും അഡ്വ. വർഗ്ഗീസ് മാമ്മൻ ജനറൽ കൺവീനറും ഈപ്പൻ കുര്യൻ കൺവീനറും റോജി കാട്ടാശ്ശേരി ചീഫ് കോർഡിനേറ്ററും ക്രിസ്റ്റഫർ ഫിലിപ്പ് കോർഡിനേറ്റർ എന്നിവർ അറിയിച്ചു. ഗാന്ധിഗ്രാമം പദ്ധതിയുടെ വിജയത്തിനായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.