കോട്ടയം : ചിറയിന്‍കീഴിലെ തമ്മിലടിയില്‍ രമ്യ ഹരിദാസ് എംഎല്‍എയ്‌ക്കെതിരെ പരിഹാസവുമായി കെപിസിസി വക്താവ് അഡ്വ. വസന്ത് സിറിയക്. നാടന്‍പാട്ട് നിര്‍ത്തി നാടന്‍ തല്ല് നടത്തുന്നത് അത്ര രമ്യമല്ലെന്നായിരുന്നു വസന്ത് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞത്. പാട്ടുപാടുന്നഅത്ര എളുപ്പമല്ല പാര്‍ട്ടിക്കാരെ കൂടെ നിര്‍ത്താന്‍ എന്നും വസന്ത് പറഞ്ഞു. രമ്യ ഹരിദാസിനെതിരെ പരിഹാസ പോസ്റ്റുമായി കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിയും രംഗത്തെത്തിയിരുന്നു.
‘എന്തുകൊണ്ട് യുഡിഎഫ് തരംഗത്തിലും ആലത്തൂര്‍ തോറ്റു, ഉത്തരം കിട്ടിയല്ലോ’, എന്നായിരുന്നു റിജില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞത്. എംഎല്‍എയുടെ പേരെടുത്ത് പറയാതെയായിരുന്നു റിജിലിന്റെ പരിഹാസം. ചിറയിന്‍കീഴിലെ സംഭവത്തില്‍ കെപിസിസി നടപടി സ്വീകരിച്ചിട്ടുണ്ട്. രമ്യ ഹരിദാസിന്റെ സഹായി പാളയം പ്രദീപിനെയും കെപിസിസി ജനറല്‍ സെക്രട്ടറി സജാദിനെയും സസ്‌പെന്‍ഡ് ചെയ്തു. കെപിസിസി മുന്‍ പ്രസിഡന്റ് എം എം ഹസ്സന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയ ശേഷമാണ് നടപടി സ്വീകരിച്ചത്. ചിറയിന്‍കീഴിലെ സംഭവം പൊതുജനമധ്യത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്.































