കൊല്ലം : പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്നു പിന്മാറിയതിന്റെ പേരിൽ കൊല്ലം കൊട്ടിയം സ്വദേശി റംസി ആത്മഹത്യ ചെയ്ത സംഭവം എസ്പി കെ.ജി. സൈമണിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. റംസിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഹാരിസ് മാത്രമല്ല ആത്മഹത്യക്കു പിന്നില്ലെന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും ആക്ഷൻ കൗണ്‍സിലിന്റെ ആവശ്യത്തെ തുടർന്നാണ് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയത്.
ഹാരിസിന്റെ അച്ഛനെയും അമ്മയേയും ചോദ്യം ചെയ്യണമെന്നും ഹാരിസിന്റെ സഹോദര ഭാര്യയായ സീരിയൽ നടി ലക്ഷ്മി പ്രമോദിനെ കണ്ടെത്തണമെന്നുമാണ് ആക്ഷൻ കൗൺസിലിന്റെ ആവശ്യം. റംസിയുടെ മരണത്തിൽ ഇവർക്കും പങ്കുണ്ടെന്നാണ് ആരോപണം. ലക്ഷ്മിയെ രക്ഷപ്പെടുത്താനായി ഉന്നത ഇടപെടലുകൾ നടന്നെന്നും ആക്ഷേപം ഉയർന്നിരുന്നു.
സെപ്റ്റംബർ 3നാണ് കൊട്ടിയം സ്വദേശിനിയായ റംസിയെന്ന ഇരുപത്തിനാലുകാരി തൂങ്ങിമരിച്ചത്. ഹാരീസും റംസിയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. വിവാഹനിശ്ചയവും കഴിഞ്ഞതാണ്. സാമ്പത്തികമായി മെച്ചപ്പെട്ട മറ്റൊരു വിവാഹ ആലോചന വന്നപ്പോള്‍ ഹാരീസ് പെണ്‍കുട്ടിയെ ഒഴിവാക്കിയെന്നും ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നുമാണു പരാതി ഉയർന്നത്.