കൊച്ചി : കേരള കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നം ഇനി ജോസ് കെ മാണി വിഭാഗത്തിന്. ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഹൈക്കോടതി ശരിവെച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ചോദ്യം ചെയ്ത് പിജെ ജോസഫ് സമര്‍പ്പിച്ച ഹര്‍ജി കേരള ഹൈക്കോടതി തള്ളി. നാളുകളായി തുടരുന്ന തര്‍ക്കത്തിലാണ് ഹൈക്കോടതിയുടെ തീരുമാനം. ജോസഫ് വിഭാഗത്തിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി അന്ന് തന്നെ ജോസ് വിഭാഗം ചിഹ്നം ഉപയോഗിക്കുന്നത് തടഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇരു പാര്‍ട്ടികള്‍ക്കും തദ്ദേശ തെരഞ്ഞെടുപ്പില്‍ ചിഹ്നം ഉപയോഗിക്കാനാവില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.
അതേസമയം ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസ് വിഭാഗത്തിന് ടേബിള്‍ ഫാനുമാണ് കമ്മീഷന്‍ അനുവദിച്ച ചിഹ്നം. എന്നാല്‍ തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ച സാഹചര്യത്തില്‍ ജോസ് വിഭാഗത്തിന് തങ്ങള്‍ക്ക് അവകാശപ്പെട്ട ചിഹ്നം ഉപയോഗിക്കാനാവുമോയെന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനാണ് നിലപാടെടുക്കേണ്ടത്. എന്നാല്‍ നിയമപോരാട്ടം ഇവിടെ അവസാനിക്കാനും സാധ്യതയില്ല.