ലാൻഡ് റോവർ റേഞ്ച് റോവർ വെലാർ ആഡംബര എസ്‌യുവിയുടെ പുതിയ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. 2023 റേഞ്ച് റോവർ വെലാർ ഫേസ്ലിഫ്റ്റ് (2023 Range Rover Velar) അതിശയിപ്പിക്കുന്ന ഡിസൈനും ആകർഷകമായ സവിശേഷതകളുമായിട്ടാണ് രാജ്യത്ത് ലോഞ്ച് ചെയ്തിരിക്കുന്നത്. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ഈ വാഹനം ലഭ്യമാകും. ഇതുവരെ വിൽപ്പനയിലുണ്ടായിരുന്ന റേഞ്ച് റോവർ വെലാർ മോഡലിനെക്കാൾ വില വർധിപ്പിച്ചാണ് 2023 മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. 2023 റേഞ്ച് റോവർ വെലാർ ആഡംബര എസ്‌യുവിയുടെ പെട്രോൾ, ഡീസൽ പതിപ്പുകൾക്ക് 93 ലക്ഷം രൂപയാണ് ഇന്ത്യയിൽ എക്സ്-ഷോറൂം വില. ഈ വാഹനത്തിന്റെ നിലവിൽ വിൽപ്പനയിലുള്ള മോഡലിനെക്കാൾ 3.59 ലക്ഷം രൂപ കൂടുതലാണ് പുതിയ മോഡലിന്. ഡൈനാമിക് എച്ച്എസ്ഇ ട്രിം ലെവലിലാണ് പുതിയ 2023 വെലാർ ലഭ്യമാകുന്നത്. ഡിസൈനിൽ പുതുമകളോടെയാണ് 2023 റേഞ്ച് റോവർ വെലാർ പുറത്തിറങ്ങിയിരിക്കുന്നത്. ഈ വാഹനത്തന്റെ സവിശേഷതകൾ നോക്കാം.
2.0 ലിറ്റർ ഇൻലൈൻ ഫോർ സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ, ഡീസൽ എഞ്ചിനുകളാണ് 2023 റേഞ്ച് റോവർ വെലാർ ആഡംബര എസ്‌യുവിക്ക് കരുത്ത് നൽകുന്ന്. ഈ പെട്രോൾ, ഡീസൽ പതിപ്പുകൾ 8 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി വരുന്നു. P250 എന്ന് പേരിട്ടിരിക്കുന്ന വെലാറിന്റെ പെട്രോൾ പതിപ്പ് 5,500 ആർപിഎമ്മിൽ 246.6 ബിഎച്ച്പി പവറും 1,300 ആർപിഎമ്മിനും 4,500 ആർപിമ്മിനും ഇടയിൽ 365 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. വെലാർ P250 7.5 സെക്കൻഡിൽ പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വരെ വേഗത കൈവരിക്കുന്നു. മണിക്കൂറിൽ 217 കിലോമീറ്ററാണ് ഈ വാഹനത്തിന്റെ പരമാവധി വേഗത.
2023 റേഞ്ച് റോവർ വെലാർ ആഡംബര എസ്‌യുവിയുടെ ‘D200’ എന്ന് പേരിട്ടിരിക്കുന്ന ഡീസൽ വേരിയന്റിന് 48V മൈൽഡ് ഹൈബ്രിഡ് സംവിധാനമാണുള്ളത്. ഈ ഡീസൽ എഞ്ചിൻ 3,750 ആർപിഎമ്മിൽ 201 ബിഎച്ച്പി പവറും 1,750 ആർപിഎമ്മിനും 2,500 ആർപിഎമ്മിനും ഇടയിൽ 430 എൻഎം പീക്ക് ടോർക്കും നൽകുന്നു. ഡീസൽ വെലാറിന് 8.3 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ സാധിക്കുന്നു. മണിക്കൂറിൽ 210 കിലോമീറ്റർ വരെ വേഗതയാണ് ഈ വാഹനത്തിനുള്ളത്. 2023 റേഞ്ച് റോവർ വെലാറിൽ എയർ സസ്‌പെൻഷൻ സെറ്റപ്പുമായിട്ടാണ് വരുന്നത്. ഇതിലൂടെ റേഞ്ച് റോവർ വെലാറിനെ റൈഡ് ഹൈറ്റ് 40 എംഎം കുറയ്ക്കാനും ഉയർത്താനും സാധിക്കും. ഇതിലൂടെ എളുപ്പം വാഹനത്തിൽ കയറാനും ഇറങ്ങാനും സാധിക്കും. 580 മില്ലിമീറ്റർ വരെ ആഴമുള്ള വെള്ളത്തിലൂടെ സഞ്ചരിക്കാനും 2023 റേഞ്ച് റോവർ വേലാറിന് സാധിക്കും. ഈ വാഹനത്തിൽ പുതിയ പിക്‌സൽ എൽഇഡി ഹെഡ്‌ലൈറ്റുകൾ പുതുക്കിയ ഡിആർഎൽ സിഗ്‌നേച്ചർ എന്നിവയുണ്ട്. ബമ്പറുകൾക്കൊപ്പം ടെയിൽലൈറ്റുകളും റീപ്രൊഫൈൽ ചെയ്തിട്ടുണ്ട്.
2023 റേഞ്ച് റോവർ വെലാറിന്റെ ഇന്റീരിയറിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പഴയ ഡ്യുവൽ സ്‌ക്രീൻ സെറ്റപ്പിന് പകരം 11.4 ഇഞ്ച് പിവി പ്രോ ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീനാണ് പുതിയ മോഡലിൽ നൽകിയിട്ടുള്ളത്. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ സപ്പോർട്ട് ചെയ്യുന്ന യീണിറ്റാണ് ഇത്. വയർലെസ് ഫോൺ ചാർജറുള്ള പുതിയ ക്ലോസ്ഡ് സ്റ്റോവ് ഏരിയയും വാഹനത്തിലുണ്ട്. റോട്ടറി ഗിയർ സെലക്ടർ ഡയലിലും മാറ്റങ്ങളുണ്ട്.