റാന്നി: കംബോഡിയയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ രണ്ടുപേർ റാന്നി പോലീസിന്റെ പിടിയിൽ. തൃശൂർ കൈപ്പറമ്പ് പുത്തൂർ കൊല്ലനൂർ വീട്ടിൽ കെ എൽ ലാലു ( 45), ഇടുക്കി കുമളി അമരാവതി അഞ്ചാം മൈൽ കുന്നത്ത്ചിറയിൽ വീട്ടിൽ കെ എസ് അബി(.28) എന്നിവരാണ് അറസ്റ്റിലായത്. കംബോഡിയയിൽ ഇൻവെസ്റ്റ്മെന്റ് കമ്പനിയിൽ ടൈപ്പിംഗ് ജോലി വാഗ്ദാനം ചെയ്ത് പഴവങ്ങാടി മിനർവ്വപടി കുളമടയിൽ വീട്ടിൽ അഖിൽ പോൾ മാത്യുവിന്റെ 1,60,000 യാണ് കബളിപ്പിച്ചെടുത്തത്. കൂടാതെ രണ്ട് തവണകളായി ഇയാളുടെ സഹോദരൻ അമലിൽ നിന്നും 70000 രൂപ അയച്ചു വാങ്ങിയും അഖിലിന് തിരികെ നാട്ടിലേക്ക് വരുന്നതിന് 25000 രൂപ കമ്പനിയിൽ അടപ്പിച്ചും കബളിപ്പിച്ചു.
ഒന്നാം പ്രതി ലാലുവിന്റെ ആവശ്യപ്രകാരം ഇയാളുടെ തൃശ്ശൂർ എസ് ബി ഐ ബ്രാഞ്ചിലെ അക്കൗണ്ടിലേക്ക് 2023 ഡിസംബർ 20 ന് അഖിൽ പോൾ മാത്യുവിന്റെ സഹോദരൻ അമലിന്റെ റാന്നി ഇന്ത്യൻ ഓവർസീസ് ബാങ്കിലെ അക്കൗണ്ടിൽ നിന്ന് 35000 രൂപയും അടുത്തദിവസം ഇതേ അക്കൗണ്ടിൽ നിന്നും 5000 രൂപയും അയച്ചു വാങ്ങിച്ചു. 27 ന് പ്രതിയെ വിശ്വസിച്ച് വിയറ്റ്നാമിലേക്ക് പോയ അഖിൽ ലാലുവിന്റെ ആവശ്യപ്രകാരം എയർപോർട്ടിൽ വച്ച് കണ്ട ആളിന് 25000 രൂപയുടെ ഡോളർ കൊടുത്തു. തുടർന്ന് അബിയുടെ ഗൂഗിൾ പേ നമ്പരിൽ രണ്ട് തവണകളായി അമലിന്റെ കയ്യിൽ നിന്നും 70000 രൂപ അയച്ചു വാങ്ങിച്ചു. ചൈനീസ് ഓൺലൈൻ തട്ടിപ്പു കമ്പനിയിലെ ജോലിക്കാണ് തന്നെ എത്തിച്ചതെന്ന് മനസ്സിലാക്കി തിരികെ നാട്ടിലേക്ക് മടങ്ങിയ അഖിലിനെക്കൊണ്ട് 25000 രൂപ കമ്പനിയിൽ അടപ്പിക്കുകയായിരുന്നു.
ഈമാസം ഒന്നിന് റാന്നി പോലീസ് സ്റ്റേഷനിൽ അഖിൽ പരാതി നൽകി. എസ് ഐ സുരേഷ് ചന്ദ്രപ്പണിക്കർ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു. പ്രതികളുടെ വിവിധ ബാങ്ക് അക്കൗണ്ടുകളുടെ രേഖകളും മറ്റും അന്വേഷണസംഘം കണ്ടെത്തി പരിശോധിച്ചു. അമൽ മാത്യുവിന്റെ ബാങ്ക് ഇടപാടുകൾ സംബന്ധിച്ച രേഖകളും പരിശോധിക്കുകയും മറ്റ് അന്വേഷണം നടത്തുകയും ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം ഊർജ്ജിതമാക്കിയ തെരച്ചിലിനെത്തുടർന്ന് പ്രതികളെ ഇന്നലെ എറണാകുളത്തുനിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വൈദ്യ പരിശോധനയ്ക്ക് ശേഷം സ്റ്റേഷൻ ഹാജരാക്കിയ പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. റാന്നി ഡി വൈ എസ് പി ആർ ജയരാജിന്റെ മേൽനോട്ടത്തിൽ, പോലീസ് ഇൻസ്പെക്ടർ ജിബു ജോണിന്റെ നേതൃത്വത്തിൽ എസ് ഐ ആദർശ് , സിപി ഓ ഗോകുൽ കണ്ണൻ, പമ്പ പോലീസ് സ്റ്റേഷനിലെ സിപിഓ സൂരജ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.