റാന്നി: ജില്ലയിലെ മനുഷ്യ-വന്യജീവി സംഘർഷത്തിന് പരിഹാരം കാണുന്നതിനായി ജനപങ്കാളിത്ത വന്യജീവി പരിപാലന പദ്ധതി നടപ്പാക്കണമെന്ന് റാന്നി – അങ്ങാടി ഗ്രാമ പഞ്ചായത്ത് തല ജാഗ്രത സമിതി ആവശ്യപ്പെട്ടു. പത്തനംതിട്ട ജില്ലയിൽ റാന്നി, കോന്നി എന്നിങ്ങനെ രണ്ട് ടെറിട്ടോറിയൽ വനം ഡിവിഷനുകളാണുള്ളത്. ടെറിട്ടോറിയൽ ഡിവിഷനുകൾക്ക് വന്യജീവി പരിപാലനത്തിനായി നാമമാത്രമായ തുക മാത്രമാണ് ലഭിക്കുന്നത്. എന്നാൽ റാന്നി ഡിവിഷൻ അതിർത്തി പങ്കിടുന്ന പെരിയാർ കടുവ സങ്കേതത്തിന് കോടി കണക്കിന് രൂപയാണ് ഇതിനായി ലഭിക്കുന്നത്. ഈ തുക ഉപയോഗിച്ച് ഇവർ കൃത്രിമ ജലാശയങ്ങൾ, പുൽമേടുകൾ, ചതുപ്പുനിലങ്ങൾ എന്നിവ നിർമിച്ച് കാടിനുള്ളിൽ തന്നെ വന്യജീവികൾക്ക് തീറ്റയും വെള്ളവും ഒരുക്കുമ്പോൾ തൊട്ടുത്ത റാന്നി കോന്നി ഡിവിഷനുകളിൽ ആവാസകേന്ദ്രം കണ്ടെത്തുന്ന ജീവികൾ തീറ്റയും വെള്ളവും കിട്ടാതെ കാടിറങ്ങുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ഇതിന് പരിഹാരമായി ജില്ലയിലെ ത്രിതല പഞ്ചായത്തുകൾ മുനിസിപ്പാലിറ്റികൾ, എം. എൽ.എ, എം.പി ഫണ്ടുകൾ സമാഹരിച്ചാൽ 10 കോടിയോളം രൂപ ഒരു വർഷം ശേഖരിക്കാൻ കഴിയും.
ഈ തുക ഉപയോഗിച്ച് റാന്നി, കോന്നി ഡിവിഷണലുകൾ ചേർന്ന പത്തനംതിട്ട ജില്ലയിൽ ജനപങ്കാളിത്തത്തോടെയുള്ള വന്യജീവി സംരക്ഷണ, പരിപാലന പദ്ധതി നടപ്പാക്കണമെന്നും ജാഗ്രതാ സമിതി യോഗം ആവശ്യപ്പെട്ടു. വന്യജീവികൾ നഷ്ടപ്പെടുത്തുന്ന കാർഷിക വിളകൾക്ക് നഷ്ടപരിഹാര തുക ഇരട്ടിയായി വർധിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ബിന്ദു റെജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് പി.എസ്.സതീഷ് കുമാർ വിഷയാവതരണം നടത്തി. വനംറേഞ്ച് ഓഫീസർ ബി.ആർ ജയൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷൈനി മാത്യൂസ്, എലനിയാമ്മ ഷാജി, ജലജ രാജേന്ദ്രൻ, ജെവിൻ കാവുങ്കൽ, പി.ആർ.ഒ സുജിന സുധാ പിള്ള, കൃഷി ഓഫീസർ ജിനി ജേക്കബ്, ശ്രീഹരി, വില്ലേജ് ഓഫീസർ രഘു ബാൽ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ റോബിൻ, ബൈജു മാത്യു എന്നിവർ പ്രസംഗിച്ചു