റാന്നി: ആരബിള്‍ ഭൂമി വിഷയത്തില്‍ രഹസ്യനീക്കവുമായി വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥന്‍റെ ഉത്തരവ്.റവന്യൂഭൂമിയും വനവും തമ്മില്‍ അതിരിടുന്ന ജണ്ടകള്‍ നശിപ്പിച്ച് തെളിവ് ഇല്ലാതാക്കാനാണ് നിര്‍ദേശം.കൂടാതെ വനംവകുപ്പ് കൃഷിക്കായി റവന്യൂ വകുപ്പിന് ഭൂമി വിട്ടു നല്‍കിയ രേഖകള്‍ നശിപ്പിച്ചു കളയാനും നീക്കമുണ്ട്.
റാന്നി മുന്‍ ഡി.എഫ്.ഓയുടെ വിവാദ ആരബിള്‍ ലാന്‍റ് ഉത്തരവ് വലിയ ഒച്ചപ്പാടും ബഹളവും സൃഷ്ടിച്ച പശ്ചാത്തലത്തില്‍ റദ്ദാക്കിയെന്നു പറയുന്ന വിഷയമാണ് വീണ്ടും മടങ്ങിയെത്തുന്നത്.കേന്ദ്രം റദ്ദാക്കിയെന്ന് പാര്‍ലമെന്‍റില്‍ പറഞ്ഞ വിഷയത്തില്‍ ഓര്‍ഡറുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അടുത്തിടെ വിവരാവകാശ മറുപടിയും ലഭിച്ചിരുന്നു.
വിഷയത്തില്‍ വ്യക്തികളും സംഘടനകളും കോടതിയില്‍ കേസ് കൊടുത്തിട്ടുണ്ട്.ഇതില്‍ വിദഗ്ദ സംഘത്തിന്‍റെ പരിശോധന ഉണ്ടായാല്‍ വനത്തിന് പുറത്തെ ജണ്ടകള്‍ വനംവകുപ്പിന്‍റെ വാദങ്ങള്‍ക്ക് തിരിച്ചടിയാകും.ഇത് മുന്‍കൂട്ടി കണ്ടാണ് നടപടി.കഴിഞ്ഞ ഒന്‍പതിന് ഈ ഉദ്യോഗസ്ഥന്‍ റാന്നിയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.തുടര്‍ന്നാണ് ജനങ്ങളെ ബാധിക്കുന്ന വിവാദ നിര്‍ദേശം വനപാലകര്‍ക്ക് നല്‍കിയത്.വിവരമറിഞ്ഞ പൊതുപ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് വനപാലകര്‍ ഉദ്യോഗസ്ഥന്‍റെ നിര്‍ദേശം നടപ്പിലാക്കാതെ പിന്‍വാങ്ങി.
വനം വകുപ്പ് പാട്ടത്തിന് നല്‍കിയ ചേത്തയ്ക്കല്‍ റബ്ബര്‍ബോര്‍ഡ് പരീക്ഷണ തോട്ടത്തിന് പുറത്ത് റവന്യൂ ഭൂമിയും വനഭൂമിയും അതിരു തിരിച്ചുള്ള ജണ്ടകള്‍ നിര്‍മ്മിച്ചിട്ടുണ്ട്.വനം വകുപ്പിന്‍റെ താലൂക്കിലെ വിവിധ സംരക്ഷിത തേക്കുതോട്ടങ്ങളും കൃഷി ഭൂമികള്‍ തമ്മിലും ഇത്തരം അതിരുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്.ഇതെല്ലാം പൊളിച്ചു നീക്കിയാല്‍ വനം,റവന്യൂ കൃഷി ഭൂമികള്‍ തമ്മിലുള്ള അതിര്‍ത്തികള്‍ ഇല്ലാതാകും.ഇതോടെ കോടതിയേയും ഉന്നത ഉദ്യോഗസ്ഥരേയും തെറ്റിദ്ധരിപ്പിക്കുവാനുമാവും.
മുന്‍പും വിവാദങ്ങളില്‍ നിറഞ്ഞ ഈ ഉന്നതന് മറ്റു നടപടികളില്‍ നിന്നും രക്ഷപെടാനുമാകും.ആരബിള്‍ ഭൂമി വിഷയംപോലെ വിവാദമാകാതിരിക്കാന്‍ വാക്കാല്‍ നിര്‍ദേശമാണ് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ റാന്നിയിലെ വനപാലകര്‍ക്ക് നല്‍കിയിരിക്കുന്നത്.
പൊതുജനങ്ങളെ ദോഷകരമായി ബാധിക്കുന്ന ആരബിള്‍ ഭൂമി വിഷയം കെട്ടടങ്ങിയതിന് പിന്നാലെയാണ് ഇത്തരം വിവാദ നിര്‍ദേശങ്ങളുമായി വനം ഉദ്യോഗസ്ഥന്‍ തന്നെ എത്തുന്നത്.വിചിത്ര വാദവുമായി വരുന്ന ഉദ്യോഗസ്ഥരെ നിലയ്ക്കു നിര്‍ത്തണം.പട്ടയ ഭൂമി സംരക്ഷിക്കപ്പെടണം.കര്‍ഷകര്‍ക്ക് തങ്ങളുടെ കൃഷിഭൂമി നഷ്ടപ്പെടുന്ന ഒരു കാര്യത്തിനും കൂട്ടുനില്‍ക്കുവാനാവില്ലെന്നും സി.പി.ഐ സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷനംഗവും റാന്നി മണ്ഡലം സെക്രട്ടറിയുമായ എം.വി വിദ്യാധരന്‍ പറഞ്ഞു