റാന്നി : ചെത്തോങ്കര–അത്തിക്കയം ശബരിമല പാതയിൽ വീതി കൂട്ടാത്തയിടങ്ങളിൽ റോഡ് അപകടക്കെണിയാകുന്നു. വാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നു. ഒരേ ദിവസം ഉണ്ടായ 2 അപകടങ്ങളിൽ 2 പേർ മരിച്ചതാണ് അവസാന സംഭവം. എസ്‌സിപടിക്കു സമീപം തേക്കാട്ടിൽപടിയിൽ മറിഞ്ഞ പിക്കപ് വാനിന് അടിയിൽപ്പെട്ട് അന്യ സംസ്ഥാന തൊഴിലാളിയും കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനുമാണ് മരിച്ചത്.
വീതി കൂട്ടാത്തതും വളവുകൾ നേരെയാക്കാത്തതുമാണ് അപകടങ്ങൾക്ക് ഇടയാക്കുന്നത്. ചെത്തോങ്കര–അത്തിക്കയം വരെ താമസിക്കുന്നവരുടെ നീണ്ട കാത്തിരിപ്പിനു വിരാമമിട്ടാണ് ഉന്നത നിലവാരത്തിൽ റോഡ് വികസിപ്പിക്കുന്നതിന് ഫണ്ട് അനുവദിച്ചത്. നിർമാണം ആരംഭിക്കും മുൻപു തന്നെ ചെറുതും വലുതുമായ വളവുകൾ ഒഴിവാക്കി റോഡിൽ പണി നടത്തണമെന്ന് ആവശ്യപ്പെട്ട് പൗരസമിതി രാജു ഏബ്രഹാം എംഎൽഎയ്ക്കു നിവേദനം നൽകിയിരുന്നു.
ഇതേ തുടർന്ന് ചെത്തോങ്കര–കണ്ണമ്പള്ളി വരെ 8 മീറ്റർ വീതിയിലും ശേഷിക്കുന്ന ഭാഗം 12 മീറ്റർ വീതിയിലും വികസിപ്പിക്കുന്നതിന് അളന്ന് കുറ്റിവെച്ചിരുന്നു. 4 പേരൊഴികെ ഭൂഉടമകളെല്ലാം ഭൂമി വിട്ടു കൊടുക്കുന്നതിന് സമ്മതിച്ചിരുന്നു. കയ്യാലകളും മതിലുകളും ഗേറ്റുകളും പുനർ നിർമിച്ചു നൽകണമെന്ന നിർദേശം മാത്രമാണ് അവർ മുന്നോട്ടുവെച്ചത്. പിന്നീട് പണി ആരംഭിച്ചപ്പോൾ ചെത്തോങ്കര ഭാഗത്ത് മാത്രമാണ് വീതി കൂട്ടിയത്. ബാക്കി പഴയ വിധത്തിൽ ബിഎം ടാറിങ് നടത്തുകയായിരുന്നു.
മിക്ക കലുങ്കുകളും റോഡിന്റെ നടുക്കാണ്. വേഗത്തിൽ വരുന്ന വാഹനങ്ങൾ കലുങ്കിൽ ഇടിക്കാതിരിക്കാൻ വെട്ടിക്കുമ്പോൾ അപകടത്തിൽപ്പെടുന്നു. വളവുകളിലാണ് അപകടങ്ങൾ കൂടുതലായി നടക്കുന്നത്.