പത്തനംതിട്ട: മഹാപ്രളയത്തില്‍ വീട് നഷ്ടപ്പെട്ട വായ്പാ ഇടപാടുകാരന് ഇന്‍ഷുറന്‍സ് തുക നല്‍കാതെ പറ്റിച്ച സംഭവത്തില്‍ ബാങ്ക് മാനേജര്‍ മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. റാന്നി കുരിയംവേലിൽ ബിനുകുട്ടൻ പത്തനംതിട്ട ഉപഭോക്ത തര്‍ക്കപരിഹാര കമ്മീഷനിൽ നല്‍കിയ പരാതിയിലാണ് ബാങ്കിനെതിരെ ഈ വിധി ഉണ്ടായത്. 2014-ൽ ബിനു റാന്നി സെൻട്രൽ ബാങ്കിൽ നിന്നും വീടിന്റെ പുനരുദ്ധാരണത്തിനായി 3 ലക്ഷം രൂപാ വാങ്ങിയിരുന്നു. 60 തവണകളായി തിരിച്ചടയ്ക്കണമെന്നായിരുന്നു വ്യവസ്ഥ. ബാങ്ക് തന്നെ 1,770 രൂപാ വാങ്ങി ഈ വായ്പ ഇൻഷ്വർ ചെയ്തിരുന്നു. എന്തെങ്കിലും പ്രകൃതി ദുരന്തം ഉണ്ടായി വീടിനും മറ്റും നാശനഷ്ടങ്ങൾ സംഭവിച്ചാൽ തുടർന്ന് ലോൺ അടയ്ക്കേണ്ടതില്ലായെന്നാണ് ഇൻഷുറൻസ് വ്യവസ്ഥ.
എന്നാൽ 2018 ലെ വെള്ളപ്പൊക്കത്തിൽ പരാതിക്കാരന്റെ വീടും മറ്റും നശിച്ചുപോയ വിവരം ബാങ്കിനെ അറിയിച്ചിട്ടും ബാങ്കിന്റെ ഭാഗത്തുനിന്നും ഇൻഷുറൻസ് തുക വാങ്ങി ബാക്കി ലോൺ തുക അടയ്ക്കുന്നതിന് യാതൊരു നടപടിയും സ്വീകരിച്ചില്ല. മാത്രമല്ല പരാതിക്കാരനെ ഭീഷണിപ്പെടുത്തി 2,80,000 രൂപാ ബാങ്കിൽ അടപ്പിച്ച് ലോൺ ക്ലോസ് ചെയ്യിപ്പിക്കുകയും ചെയ്തു. നിർദ്ദനനായ പരാതിക്കാരൻ ബാങ്കിൽ പലപ്രാവശ്യം ബന്ധപ്പെട്ടിട്ടും നീതി ലഭിക്കാത്തതുകൊണ്ടാണ് അവസാനം കമ്മീഷനെ ആശ്രയിച്ചത്. കമ്മീഷൻ പരാതിക്കാരന്റെ ഹർജി ഫയലിൽ സ്വീകരിക്കുകയും ഇരുകക്ഷി കൾക്കും നോട്ടീസ് അയക്കുകയും ചെയ്തു. ബാങ്കുകാർ ഈ വിവരങ്ങൾ ഒന്നും ഇൻഷുറൻസ് കമ്പനിയെ അറിയിച്ചിട്ടില്ലായെന്നാണ് ഇൻഷുറൻസ് കമ്പനി പറഞ്ഞത്. തെളിവുകളും വാദങ്ങളും പരിശോധിച്ച കമ്മീഷൻ ബാങ്കാണ് കുറ്റം ചെയ്തത് എന്ന നിഗമനത്തിൽ എത്തുകയായിരുന്നു.
ബാങ്ക് തന്നെയാണ് പരാതിക്കാരനെ കൊണ്ട് ഇൻഷുറൻസ് എടുപ്പിച്ചത്. വെള്ളപ്പൊക്കത്തിൽ പരാതിക്കാരന് എല്ലാം നഷ്ടമായിയെന്ന് ബാങ്ക് മാനേജർ നേരിൽ കണ്ട് ബോധ്യപ്പെട്ടിട്ടും ആ വിവരം ഇൻഷുറൻസ് കമ്പിനിയെ അറിയിച്ച് ആവശ്യമായ സഹായം പരാതിക്കാരന് നൽകാൻ ബാങ്ക് തയ്യാറാകാത്തത് ഗുരുതരമായ പിഴവാണെന്നും അതിനാൽ വെള്ളപ്പൊക്കത്തിനുശേഷം പരാതിക്കാരൻ ബാങ്കിൽ അടച്ച 2,80,000 രൂപായും 10,000 രൂപ നഷ്ടപരിഹാരവും 10,000 രൂപാ കോടതി ചിലവും ഉൾപ്പെടെ 3 ലക്ഷം രൂപ പരാതിക്കാരന് ബാങ്ക് മാനേജർ നൽകണമെന്ന് വിധിക്കുകയായിരുന്നു. കമ്മീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേർന്നാണ് വിധി പ്രസ്‌താവിച്ചത്.