പത്തനംതിട്ട: വനംവകുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ റാന്നി ഡിഎഫ്ഒ എം. ഉണ്ണിക്കൃഷ്ണനെ ഇന്നലെ സ്ഥലംമാറ്റി. കോഴിക്കോട്ടേക്കാണ് സ്ഥലംമാറ്റം. റാന്നി അസിസ്റ്റന്‍റ് ഫോറസ്റ്റ് കണ്‍സർവേറ്റർ കെ.വി. ഹരികൃഷ്ണന് ഡിഎഫ്ഒയുടെ ചുമതല നൽകിയിട്ടുണ്ട്.
റാന്നി, കോന്നി താലൂക്കുകളിൽ ഉൾപ്പെടുന്ന ആരബിൾ ലാൻഡ് വനം റിസർവ് മേഖലയാണെന്ന തരത്തിൽ പുറത്തിറങ്ങിയ ഉത്തരവാണ് ഡിഎഫ്ഒയുടെ സ്ഥലംമാറ്റത്തിനു പ്രധാന കാരണം. ഉന്നത ഉദ്യോഗസ്ഥന്‍റെ നിർദേശപ്രകാരമാണ് ഉത്തരവിറക്കിയതെങ്കിലും ഡിഎഫ്ഒ ആയിരുന്നു ഇതിലും പ്രതിക്കൂട്ടിലായത്. ഉദ്യോഗസ്ഥതലത്തിൽ സാധ്യമല്ലാത്ത ഒരു നടപടിയായി വനംമന്ത്രിയും ഇതിനെ വിമർശിച്ചിരുന്നു.
നിയമപരമായ കുരുക്കുകൾ കാരണം ഉത്തരവ് പിൻവലിച്ചിട്ടുമില്ല. ചിറ്റാറിൽ വനപാലകർ കസ്റ്റഡിയിലെടുത്ത മത്തായിയുടെ മരണവുമായി ബന്ധപ്പെട്ട സംഭവത്തിൽ കൃത്രിമ രേഖകളുണ്ടാക്കാനും വനപാലകരെ ന്യായീകരിച്ച് രംഗത്തെത്താനും ശ്രമിച്ചതിന്‍റെ പേരിൽ റാന്നി ഡിഎഫ്ഒയ്ക്കെതിരെ ആക്ഷേപം ഉയർന്നിരുന്നു.
മത്തായിയുടേത് അനധികൃത കസ്റ്റഡിയാണെന്ന് അറിഞ്ഞതോടെ ഇതു മറികടക്കാനായി ഡിഎഫ്ഒ നിർദേശിച്ചതനുസരിച്ച ജനറൽ ഡയറി അടക്കം പുറത്തുകൊണ്ടുപോയതായി ,പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.