റാന്നി : ലഹരിക്കെതിരേ യുവാക്കളിൽ കായികലഹരി ഉണർത്താൻ എക്‌സൈസ് വകുപ്പിന്റെ ഫുട്‌ബോൾ ടൂർണമെന്റ്. ഇടക്കുളം ഫുട്‌ബോൾ ക്ലബ്ബും ഗുരുകുലം സോക്കർ അക്കാദമിയും എക്‌സൈസ് റാന്നി റേഞ്ച് ഓഫീസും ചേർന്നാണ് ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചത്. ലഹരിവിരുദ്ധ ബോധവത്കരണസന്ദേശം സമൂഹത്തിലെത്തിക്കുന്നതിനുള്ള വിവിധ പരിപാടികളിലൊന്നായാണ് എക്‌സൈസ് വകുപ്പ് ഫുട്‌ബോൾ മത്സരം നടത്തിയത്. വനിതകൾക്കായും പ്രത്യേകം മത്സരം സംഘടിപ്പിച്ചു. വിജയിച്ച ഗോൾഡൻ ബൂട്ട് എഫ്‌സിക്ക് അഡ്വ.പ്രമോദ് നാരായൺ എംഎൽഎ ട്രോഫി നൽകി.
വനിതാ ടീമുകളുടെ സൗഹൃദമത്സരം പത്തനംതിട്ട എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് ഇൻസ്പെക്ടർ ജി. അജികുമാർ ഉദ്ഘാടനംചെയ്തു. വനിതാ ടീമുകളുടെ സൗഹൃദമത്സരത്തിൽ പങ്കെടുത്ത പെൺകുട്ടികളെ എംഎൽഎ അനുമോദിച്ചു. ലഹരിവിരുദ്ധ നവകേരള മിഷൻ ജില്ലാ കോഡിനേറ്റർ സി.സി. മനീഷ്, പരിശീലകൻ എബി ഐസക്, ജോസ് മോൻ ജോസി, സിവിൽ എക്‌സൈസ് ഓഫീസർ എസ്.അഭിരാം, അക്കാദമി ഡയറക്ടർ അഖിൽരാജ്, ഇടക്കുളം ഫുട്‌ബോൾ ക്ലബ്ബ് പ്രസിഡന്റ് ജിജു കെ മാത്യു, യദു കൃഷ്ണൻ, അരുൺ രാജ് എന്നിവർ പ്രസംഗിച്ചു.