റാന്നി: റാന്നി ഗവ.എല്‍.പി സ്കൂളിനായി പൊതുമരാമത്തു വകുപ്പ് നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം സി.പി.എം പരിപാടിയാക്കിമാറ്റിയെന്നാരോപണം. സംസ്ഥാന ധനവകുപ്പ് മന്ത്രി ഉദ്ഘാടനം നടത്തുന്ന പരാപാടിയാണ് സംഘാടനം കൊണ്ട് വിവാദത്തിലായത്. സര്‍ക്കാര്‍ പരിപാടികളില്‍ എല്ലാം സംസ്ഥാന നിയമ സഭയില്‍ അംഗത്വമുള്ള രാഷ്ട്രീയ കക്ഷി പ്രതിനിധികളേയും ദേശീയ പാര്‍ട്ടി പ്രതിനിധികളേയും ക്ഷണിക്കുന്ന പതിവുള്ളപ്പോഴാണ് ഈ പരിപാടി വ്യത്യസ്തമായത്.
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ ഒഴിവാക്കി അവിടെ വിവിധ പേരുകളില്‍ സി.പി.എം നേതാക്കളെ തിരുകി കയറ്റിയെന്നാണ് ആരോപണം. ഇതു സൂചിപ്പിച്ചുള്ള നോട്ടീസും പുറത്തിറങ്ങി. 42.5 ലക്ഷം മുടക്കി പൊതുമരാമത്താണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. കെട്ടിടം സ്കൂളിന് കൈമാറുന്നതും ചടങ്ങിലേയ്ക്ക് ആളുകളെ ക്ഷണിക്കേണ്ടതിന്റെയും ഉത്തരവാദിത്വം പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ്. സി.പി.എമ്മിന്റെ ഏരിയാ, ലോക്കല്‍ സെക്രട്ടറിമാരെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയുടെയും ബാങ്ക് പ്രതിനിധിയായും ഉള്‍പ്പെടുത്തിയപ്പോള്‍ മുന്‍ എം.എല്‍.എ നോട്ടീസില്‍ പ്രോട്ടോകോളും മറികടന്ന് മുന്നിലെത്തി.
മുന്നണി ഘടക കക്ഷികളില്‍ കേരള കോണ്‍ഗ്രസ് എമ്മിന് എം.എല്‍.എ വഴിയും പഞ്ചായത്ത് പ്രസിഡന്‍റു വഴിയും രണ്ടു പ്രതിനിധികളെ കിട്ടി. കോണ്‍ഗ്രസിന് എം.പിയും പഞ്ചായത്തു വൈസ് പ്രസിഡന്‍റുമായും രണ്ടു പേരായി. എന്നാല്‍ ഇടതിലെ സി.പി.ഐ, ജനതാദള്‍, എന്‍.സി.പി തുടങ്ങി ആര്‍ക്കും ചടങ്ങില്‍ ക്ഷണമില്ല. മറ്റു രാഷ്ട്രീയ പാര്‍ട്ടികളായ മുസ്ലിംലീഗ്, ബി.ജെ.പി തുടങ്ങിയവരേയും ചടങ്ങില്‍ നിന്നൊഴിവാക്കിയിരിക്കുകയാണ്. എന്നാല്‍ മണ്ഡലത്തില്‍ നടക്കുന്ന മറ്റൊരു മന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ജനപ്രതിനിധികളും കൃത്യമായി പങ്കെടുക്കുന്നുമുണ്ട്.