റാന്നി: മന്ദമരുതി-വെച്ചൂച്ചിറ റോഡരികില്‍ ദൂരപരിധി പാലിക്കാതെയുള്ള നിർമാണങ്ങള്‍ പെരുകുന്നു. നിയമലംഘനങ്ങള്‍ കണ്ടിട്ടും കാണാത്ത ഭാവത്തില്‍ അധികൃതര്‍. പൊതുമരാമത്ത് റോഡില്‍നിന്ന് നിശ്ചിത ദൂരപരിധി ലംഘിച്ച നിർമാണങ്ങള്‍ക്ക് പഞ്ചായത്ത് അധികൃതരുടെ ഒത്താശയുണ്ടെന്നും ആരോപണമുണ്ട്. മടത്തുംചാല്‍-മുക്കൂട്ടുതറ റോഡ് നിർമാണവുമായി ബന്ധപ്പെട്ട് നിർമാണങ്ങള്‍ ഇടിച്ചുനിരത്തിയെന്ന ആരോപണമുയർന്നിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നിർമിച്ച വീടുകള്‍ പലതും മോടികൂട്ടിയപ്പോള്‍ മന്ദമരുതി-വെച്ചൂച്ചിറ റോഡിനോട് ചേർന്നായി. പഴയ കെട്ടിട നമ്പര്‍ വീണ്ടും ഉപയോഗിച്ചപ്പോള്‍ പഞ്ചായത്ത് എന്‍ജിനീയറിങ് വിഭാഗങ്ങള്‍ ശ്രദ്ധിച്ചില്ല. ചേത്തയ്ക്കല്‍ പൊടിപ്പാറയില്‍ ടാറിങ്ങിനോട് ചേര്‍ന്ന മതില്‍ ഇടിച്ചതോടെ അതിനോട് ചേര്‍ന്ന പുതിയ കാർ ഷെഡാണ് നാട്ടുകാര്‍ കാണുന്നത്. നിലവില്‍ വാഹനങ്ങള്‍ അതില്‍ തട്ടാതിരിക്കാന്‍ ടാറിങ്ങില്‍ കല്ലെടുത്തു വെച്ചിരിക്കുകയാണ്.
മന്ദമരുതിയില്‍നിന്ന് യാത്ര തിരിക്കുമ്പോഴെ അനധികൃത നിർമാണങ്ങള്‍ കാണാം. മതിലുകള്‍ പലതും പുറമ്പോക്ക് കൈയേറിയാണ് സ്ഥാപിച്ചിരിക്കുന്നത്. വീട്ടില്‍ നിന്നും റോഡിലേക്കിറങ്ങാനുള്ള കോണ്‍ക്രീറ്റ് പാതകള്‍ പലപ്പോഴും മറ്റു വാഹനങ്ങളുടെ സഞ്ചാരം തടയുന്നതാണ്.