റാന്നി : ചേത്തയ്ക്കല്‍ – ഇടമുറി – പുള്ളിക്കല്ല് – മടന്തമണ്‍ റോഡിലെ പാലത്തിന്റെ കൈവരികള്‍ തകര്‍ന്നുവീണു. ഇതോടെ ബലക്ഷയം നേരിടുന്ന, വര്‍ഷങ്ങളുടെ പഴക്കമുള്ള പാലം അപകടത്തിലായി. സ്കൂള്‍ വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ യാത്ര ചെയ്യുന്ന പാലത്തില്‍ അപകടം ഒഴിവാക്കാന്‍ നാട്ടുകാര്‍ ചേര്‍ന്ന് മുള കൊണ്ട് സുരക്ഷാ വേലി നിര്‍മ്മിച്ചിരിക്കുകയാണിപ്പോള്‍.
ചേത്തയ്ക്കല്‍ റബ്ബര്‍ ബോര്‍ഡ് ഓഫീസ്, ഇടമുറി ഗവ:ഹയര്‍സെക്കണ്ടറി സ്കൂള്‍ , സെന്റ് തോമസ് കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സയന്‍സ്, മാര്‍ത്തോമ്മാ സഭയുടേയും കത്തോലിക്ക സഭയുടേയും ദേവാലയങ്ങള്‍ , ഇടമുറി ക്ഷേത്രം എന്നിവിടങ്ങളിലേക്ക് ജനങ്ങള്‍ പോവുകയും വരുകയും ചെയ്യുന്ന പ്രധാന റോഡിലെ പാലമാണ് തകര്‍ച്ചയുടെ വക്കിലായത്. ഈ പാലവും റോഡും ആദ്യം ജില്ലാ പഞ്ചായത്തിനും പിന്നീട് പൊതുമരാമത്ത് വകുപ്പിനും കൈമാറിയിരുന്നു. എന്നാല്‍ പിന്നീട് ഇത് ജില്ലാ പഞ്ചായത്തിന് വീണ്ടും കൈമാറിയിരുന്നു. ഇപ്പോള്‍ ഇത് ആരുടെ കൈവശമെന്നത് തര്‍ക്കമായി അവശേഷിക്കുന്നു. റോഡിന്റെ ഒരു ഭാഗം ജില്ലാ പഞ്ചായത്തിന്റെ ചുമതലയില്‍ പുനരുദ്ധരിച്ചിരുന്നു. എന്നാല്‍ പാലത്തിന് നിലവില്‍ അവകാശികളില്ലാത്ത അവസ്ഥയാണ്. അതു കൊണ്ട് വലഞ്ഞത് നാട്ടുകാരും യാത്രക്കാരുമാണ്.
പാലത്തിന്റെ വശങ്ങള്‍ ബലപ്പെടുത്തുന്ന കെട്ട് അടിത്തറ ഇളകിയ നിലയിലാണ്. രണ്ടു വശവും കരിങ്കല്‍ കെട്ടുകളും മധ്യത്തില്‍ ഒരു തൂണുമാണ് പാലത്തിനുള്ളത്. മാടത്തരുവി, ഇരപ്പന്‍പാറ തോടുകള്‍ ചേരുന്ന സ്ഥലത്താണ് പാലം സ്ഥിതിചെയ്യുന്നത്. ഇതിന്റെ കൈവരികള്‍ സിമന്റ് ഇളകി കമ്പി തുരുമ്പിച്ച് വെളിയില്‍ വന്നനിലയില്‍ ആയിരുന്നു ദീര്‍ഘനാള്‍. ഇപ്പോള്‍ ഒരു വശത്തെ കൈവരികള്‍ തകര്‍ന്ന് വീഴുകയും മറുവശത്തെ കൈവരികള്‍ തകര്‍ച്ചയുടെ വക്കിലുമാണ്. ഇത് ചൂണ്ടിക്കാണിച്ച് നിരവധി പരാതികളും നിവേദനങ്ങളും നാട്ടുകാര്‍ അധികൃതര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ ആരും ഇതിന് അനുകൂലമായ നിലപാടുകള്‍ സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. ഏറെ താമസിയാതെ പാലത്തിന്റെ കൈവരികളുടെ ബാക്കിഭാഗവും തകര്‍ന്നു വീഴും.
ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ഏക സ്വകാര്യബസ്സും പാലത്തിന്റെ ബലക്ഷയം മൂലം സര്‍വ്വീസ് അവസാനിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ്. ദിവസേന നൂറ് കണക്കിന് യാത്രക്കാരും വാഹനങ്ങളും സഞ്ചരിക്കുന്ന പാതയുടെ പുനരുദ്ധാരണത്തിനും പാലത്തിന്റെ ബലക്ഷയം മാറ്റുന്നതിനും ഇനി ആരെ സമീപിക്കണമെന്ന് അറിയാത്ത അവസ്ഥയിലാണ് നാട്ടുകാര്‍. അടുത്ത സമയത്ത് പാലത്തിന്റെ സമീപ റോഡുകള്‍ ജില്ലാ പഞ്ചായത്ത് ഇടപെട്ട് പുനരുദ്ധാരണം നടത്തിയിരുന്നു, അതിനാല്‍ തന്നെ പാലവും ജില്ലാ പഞ്ചായത്ത് ഇടപെട്ട് പുനരുദ്ധരിക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.